ന്യൂഡൽഹി/തിരുവനന്തപുരം: ‘ബിസ്‌കറ്റ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായിയും ബ്രിട്ടാനിയ ചെയർമാനുമായിരുന്ന രാജൻ പിള്ളയുടെ തീഹാർ ജയിലിലെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കാനൊരുങ്ങുന്നു. രാജൻ പിള്ളയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.
മരണത്തിന് പിന്നിൽ മുഹമ്മദലി ജിന്നയുടെ ചെറുമകനും ബോംബെ ഡയിംഗ് ഉടമയുമായ നസ്ലി വാഡിയയാണെന്ന് തങ്ങൾക്ക് ശക്തമായ സംശയമുണ്ടെന്ന് രാജൻ പിള്ളയുടെ സഹോദരനും പ്രമുഖ കയറ്റുമതി വ്യവസായിയുമായ രാജ് മോഹൻ പിള്ള വെളിപ്പെടുത്തി. മംഗളം ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചത്.
വിഷം നൽകി കൊലപ്പെടുത്തിയെന്ന് ആരോപണം
1995-ലാണ് സിംഗപ്പൂർ കേന്ദ്രീകരിച്ച് വൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത രാജൻ പിള്ള തീഹാർ ജയിലിനുള്ളിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. സിംഗപ്പൂരിൽ സാമ്പത്തിക കേസിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെത്തിയ അദ്ദേഹം കേരളത്തിലെ കോടതിയിൽ നിന്ന് ജാമ്യമെടുത്തിരുന്നു. എന്നാൽ ഡൽഹിയിൽ കേസുണ്ടാക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തീഹാർ ജയിലിലടയ്ക്കുകയായിരുന്നു.
കരൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിന് ജയിലിൽ വെച്ച് ആവശ്യമായ ചികിത്സ നിഷേധിക്കപ്പെട്ടു. ഇതിനുപുറമെ, ഈ രോഗമുള്ളവർക്ക് ഒരു കാരണവശാലും നൽകാൻ പാടില്ലാത്ത ഗുളികകൾ നൽകിയെന്നും ഇതേത്തുടർന്ന് രക്തധമനികൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നും രാജ് മോഹൻ പിള്ള ആരോപിക്കുന്നു.
നസ്ലി വാഡിയയും രാജൻ പിള്ളയും ആദ്യകാലത്ത് സുഹൃത്തുക്കളായിരുന്നു. എന്നാൽ ബ്രിട്ടാനിയ കമ്പനി രാജൻ പിള്ള സ്വന്തമാക്കിയതോടെ ഇരുവരും തമ്മിൽ കടുത്ത ശത്രുതയിലായി. തുടർന്നുണ്ടായ രാഷ്ട്രീയ-വ്യവസായ ഗൂഢാലോചനയാണ് മരണത്തിൽ കലാശിച്ചതെന്നാണ് കുടുംബത്തിന്റെ വാദം.
അന്നത്തെ ഡൽഹിയിലെ അധികാര ഇടനാഴികളിലെ പ്രധാന ഇടനിലക്കാരനും വിവാദ വ്യക്തിത്വവുമായ ചന്ദ്രസ്വാമിക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവുമായി ചന്ദ്രസ്വാമിക്കുണ്ടായിരുന്ന അടുത്ത ബന്ധം കാരണം മുൻപ് നടന്ന അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നു. എന്നാൽ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിനെ സമീപിക്കുന്നതിലൂടെ മൂന്ന് പതിറ്റാണ്ടോളമായി തങ്ങൾ തിരയുന്ന നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജൻ പിള്ളയുടെ കുടുംബം.


EXCLUSIVE എം.ആര്.അജിത് കുമാറിന് വന്‍ തിരിച്ചടി; പോലീസ് മേധാവി ഉറച്ച നിലപാടില്‍ സര്‍ക്കാരിന്റെ ‘പച്ചക്കൊടി’ ലഭിച്ചാല്‍ കേസെടുക്കും; എഡിജിപിയുടെ സസ്പെന്ഷന് ഉത്തരവിലുള്ളത് കേസെടുക്കാനുള്ള സാധ്യതകള്‍; പിണറായിയു ടെ വിശ്വസ്തന് എംആര്‍ ഊരാക്കുടുക്കിലോ?
EXCLUSIVE പോലീസില്‍ വന്‍ അഴിച്ചുപണി ഉടന്‍; ഡിവൈഎസ്പി-സിഐ തലത്തില്‍ അടിയന്തര സ്ഥലമാറ്റത്തിന് നിര്‍ദ്ദേശം നല്കി രമേശ് ചെന്നിത്തല; രണ്ടു ദിവസത്തിനുള്ളില്‍ പട്ടിക പുറത്തിറങ്ങും







