പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവനായി തുടരണമെന്ന വര്‍ഗ്ഗ ചിന്താഗതിയോ? സി.പി. ജോണിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയ അജണ്ട; സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രിയെ വി.ഡി. സതീശന്‍ തോളിലേറ്റുന്നത് ശരിയോ? ആനവണ്ടിയില്‍ നിന്നും ഗതാഗത മന്ത്രിയെ പുറത്താക്കുമോ !

അരുന്ധതി കൃഷ്ണന്‍
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി. ജോണ്‍ പൊതുവേദിയില്‍ നടത്തിയ വിവാദ പ്രസ്താവന കേവലം ഒരു നാക്കുപിഴയല്ല, മറിച്ച് സാധാരണക്കാരോടും സ്ത്രീകളോടും ഭരണവര്‍ഗത്തിനുള്ള അധമമായ ചിന്താഗതിയുടെയും സാമൂഹിക വിരുദ്ധ രാഷ്ട്രീയ അജണ്ടയുടെയും പ്രതിഫലനമാണെന്ന വാദം ശക്തമാകുന്നു. പാവപ്പെട്ട അമ്മമാര്‍ മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ അയക്കുന്നതിനെയും, നിര്‍ധനര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നതിനെയും പരിഹസിച്ച മന്ത്രിയുടെ വാക്കുകള്‍ ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഭയാനകമായ ഒരു സാമൂഹിക വിരുദ്ധ സിദ്ധാന്തമാണ് പുറത്തുവരുന്നത്.
ലളിതമായി പറഞ്ഞാല്‍, ‘പാവപ്പെട്ടവര്‍ എന്നും പാവപ്പെട്ടവരായി തന്നെ കഴിയണം’ എന്ന ക്രൂരമായ സന്ദേശമാണ് മന്ത്രി നല്‍കുന്നത്. ഈ അധിക്ഷേപ പ്രസ്താവനയ്ക്ക് പിന്നിലെ അപകടകരമായ രാഷ്ട്രീയവും, സ്ത്രീകളെയും അധ്വാനിക്കുന്ന ജനവിഭാഗത്തെയും നിഷ്‌കരുണം അധിക്ഷേപിച്ച ഒരു മന്ത്രിയെ തോളിലേറ്റി നടക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടും വലിയ ചോദ്യചിഹ്നമായി മാറുകയാണ്. മന്ത്രി സി.പി. ജോണിന്റെ വാക്കുകള്‍ ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് പാവപ്പെട്ട സ്ത്രീകള്‍ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കണമെന്ന ആഹ്വാനമാണ്. എന്നാല്‍, ആ അധ്വാനിച്ചു ഉണ്ടാക്കുന്ന പണം കൊണ്ട് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ആഗ്രഹിക്കരുത് എന്നും മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രം വിട്ട് പഠിപ്പിക്കണം എന്നും വാദിക്കുന്ന മനോഭാവമാണ് ഇതിന് പിന്നിലുള്ളത്.
കഷ്ടപ്പെട്ട് സമ്പാദിക്കുന്ന തുച്ഛമായ പണം മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊടുക്കണമെന്നാണ് മന്ത്രിയുടെ നിലപാടിന്റെ കാതല്‍. സൗജന്യ നിരക്കിലുള്ള പ്രിയദര്‍ശിനി ബസുകളില്‍ ദരിദ്രര്‍ കയറരുത് എന്നും, പകരം വലിയ ചാര്‍ജ് കൊടുത്ത് ബസില്‍ യാത്ര ചെയ്യണമെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. യാത്രയ്ക്കും ചികിത്സയ്ക്കും കുടുംബത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടി അധ്വാനിക്കുന്ന പണം മുഴുവന്‍ ചെലവാക്കി പാവപ്പെട്ടവര്‍ വീണ്ടും ദരിദ്രരായി കഴിയണമെന്ന സന്ദേശമാണ് ഇവിടെ ഉയരുന്നത്. മക്കളെ നല്ല സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിച്ച് അവര്‍ സിവില്‍ സര്‍വീസുകാരോ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആകാന്‍ പാടില്ലെന്ന വര്‍ഗ്ഗ ചിന്താഗതിയാണിത്.
അവര്‍ അങ്ങിനെ ഉയര്‍ന്ന നിലയില്‍ എത്തിയാല്‍ പിന്നെ സര്‍ക്കാരിനും മുതലാളിമാര്‍ക്കും ചൂഷണം ചെയ്യാന്‍ ‘തൊഴിലാളി വര്‍ഗ്ഗം’ ഇല്ലാതെയാകുമെന്ന ഭയമാണ് മന്ത്രിയെ നയിക്കുന്നത്. മറുഭാഗത്ത്, പണമുള്ളവര്‍ തങ്ങളുടെ മക്കളെ സകല സൗകര്യങ്ങളുമുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കുകയും, സൗജന്യ യാത്രാ സൗകര്യമുള്ള പ്രിയദര്‍ശിനി ബസുകളില്‍ കയറി പണം ലാഭിക്കുകയും ചെയ്യും. അങ്ങനെ പണമുള്ളവര്‍ എന്നും മുതലാളിമാരായി തന്നെ തുടരട്ടെ എന്ന ആശയമാണ് മന്ത്രി മുന്നോട്ടുവെക്കുന്നത്. പാവപ്പെട്ടവന്റെ കുട്ടി രക്ഷപ്പെട്ട് ഉയര്‍ന്ന പദവികളില്‍ എത്തരുതെന്നും, അവര്‍ എന്നും താഴെത്തട്ടില്‍ അടിമകളെപ്പോലെ പണിയെടുക്കണമെന്നുമുള്ള തികച്ചും നാടുവാഴിത്ത-മുതലാളിത്ത മനോഭാവമാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ അമ്മമാരെയും അധ്വാനിക്കുന്ന ജനങ്ങളെയും പരസ്യമായി അധിക്ഷേപിച്ച സി.പി. ജോണിനെപ്പോലൊരു മന്ത്രിയെ ഇനിയും വി.ഡി. സതീശന്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യം ശക്തമാകുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വീഴ്ചകള്‍ക്കും മുകളില്‍ ഒടുവിലത്തെ ആണിയായി മാറുകയാണ് മന്ത്രിയുടെ ഈ അധിക്ഷേപ പ്രസ്താവന. എന്തു ന്യായീകരണം പറഞ്ഞാലും സിപി ജോണിന്റേത് അതിരുവിട്ട അതിക്ഷേപമാണ്. അതിനെ മുഖ്യമന്ത്രി അങ്ങനെ തന്നെ കാണണം. നടപടികളും എടുക്കണം.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്ത്രീ സുരക്ഷയ്ക്കും സാമൂഹിക നീതിക്കും വേണ്ടി വാതോരാതെ സംസാരിച്ച വി.ഡി. സതീശന്‍, സ്വന്തം മന്ത്രിസഭയിലിരുന്ന് ഒരു മന്ത്രി പാവപ്പെട്ട സ്ത്രീകളെ ‘നാടകക്കാര്‍’ എന്നും ‘വേഷംകെട്ടുകാര്‍’ എന്നും വിളിച്ചപ്പോള്‍ പുലര്‍ത്തുന്ന മൗനം അതീവ ഗുരുതരമാണ്. ഉപാധികളില്ലാതെ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കില്‍, സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും ജനവിരുദ്ധ മുഖമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്.
കഷ്ടപ്പെട്ട് ജീവിക്കുന്ന മനുഷ്യന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത സി.പി. ജോണ്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ഒരു നിമിഷം പോലും അര്‍ഹനല്ല. സ്വന്തം വയറു വിശക്കുമ്പോഴും കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നാഗ്രഹിക്കുന്ന അമ്മമാരുടെ ത്യാഗത്തെ അപമാനിച്ച മന്ത്രി രാജി വെച്ചേ മതിയാകൂ എന്ന ആവശ്യത്തില്‍ തെരുവുകള്‍ കത്തുകയാണ്. സാധാരണക്കാരെ പുച്ഛിക്കുന്ന ഈ അധമ രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ സ്ത്രീ സമൂഹവും ബഹുജനങ്ങളും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമ്പോള്‍ സര്‍ക്കാരിന് ഉത്തരം മുട്ടുമെന്നുറപ്പാണ്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.