ദാവൂദ് ഇബ്രാഹീം ഭയക്കുന്ന ലോകത്തിലെ ഏക മനുഷ്യന്‍! ബ്ലാക്ക് ടിക്കറ്റ് വില്‍പ്പനക്കാരനില്‍ നിന്ന് അധോലോക രാജാവിലേക്ക്; ഗുരു ബഡാ രാജനെ കൊന്നതിന് പ്രതികാരം തീര്‍ത്ത് ഡി കമ്പനിയിലേക്ക്; ദേശസ്‌നേഹിയായ ഡോണ്‍; തിഹാര്‍ ജയിലില്‍ കിടന്നിട്ടും കരുത്തന്‍; ഛോട്ടാ രാജന്റെ സിനിമയെ വെല്ലുന്ന ജീവിതം

എം റിജു
25 മില്യണ്‍ ഡോളര്‍ തലയ്ക്ക് വില കല്‍പ്പിക്കപ്പെട്ട ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍! 70 വയസ് കഴിഞ്ഞ ദാവൂദ് കസ്‌ക്കര്‍ ഇബ്രാഹീം എന്ന അധോലോകനായകന്‍, പാക്കിസ്ഥാനിലെ കറാച്ചിയില്‍ പല്ലുകൊഴിഞ്ഞ ഒരു സിംഹമായി കഴിഞ്ഞുകൂടുകയാണ്. അയാള്‍ 70കളില്‍ സ്ഥാപിച്ച, ഡി കമ്പനിയെന്ന ലോകത്തിലെ ഏറ്റവും വലിയ അധോലോക സിന്‍ഡിക്കേറ്റ്, തമ്മില്‍ തല്ലിയും ഭീകരവിരുദ്ധസേനയുടെ ശക്തമായ ആക്രമണങ്ങളാലും, ആകെ ദുര്‍ബലമായി. പക്ഷേ പാക് ഐഎസ്‌ഐയുടെ സംരക്ഷണത്തില്‍ കഴിയുന്ന ദാവൂദ് പക്ഷേ ഇപ്പോഴും പേടിക്കുന്നത് ഒരേ ഒരാളെയാണ്. തന്റെ കഥ കഴിക്കാന്‍ ഒരു പിസ്റ്റളുമായി അയാളുടെ ആളുകള്‍ എന്നെങ്കിലും എത്തുമെന്ന് ദാവൂദിന്റ ജീവചരിത്രകാരന്‍മ്മാര്‍ എഴുതിയിട്ടുണ്ട്. അതാണ്, രാജേന്ദ്ര സദാശിവ് നികല്‍ജെ എന്ന ഛോട്ടാ രാജന്‍! തിഹാര്‍ ജയിലില്‍ കിടക്കുമ്പോഴും, രാജനുവേണ്ടി കൊല്ലാനും ചാവനും കഴിയുന്ന ഒരു വലിയ നിര പുറത്തുണ്ട്.
ഇപ്പോള്‍ രാജന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്, വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് കൈക്കലാക്കിയ കേസില്‍ ചെന്നൈയിലെ പ്രത്യേക സി.ബി.ഐ ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ്. സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിജയ കദം എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയ രാജനെതിരെ 22 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ശിക്ഷാവിധിയുണ്ടായത്. മറ്റൊരു കേസില്‍ ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ഛോട്ടാ രാജന്‍ നിലവില്‍ ന്യൂഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. എന്നിട്ടും അയാള്‍ പുറംലോകത്തെ നിയന്ത്രിക്കുന്നു.
മുംബൈ നഗരത്തിന്റെ അധോലോക ചരിത്രത്തില്‍ ചോരയും പ്രതികാരവും എഴുതിച്ചേര്‍ത്ത പേരാണ് ഛോട്ടാ രാജന്റേത്. രാജേന്ദ്ര സദാശിവ് നികല്‍ജെ എന്ന സാധാരണക്കാരന്‍, ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കൊടുംകുറ്റവാളികളില്‍ ഒരാളായി മാറിയത്്, ഒരു വല്ലാത്ത കഥയാണ്.
ബ്ലാക്ക് ടിക്കറ്റില്‍ തുടക്കം
1959-ല്‍ മുംബൈയിലെ ചെമ്പൂരിലാണ് രാജേന്ദ്ര സദാശിവ് നികല്‍ജെ എന്ന രാജന്‍ ജനിച്ചത്. പിതാവ് സദാശിവ് സഖാറാം നികല്‍ജെ, മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള ഗിര്‍വി എന്ന ചെറിയ ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. പട്ടിണി സഹിക്കാനാവതെ, ഉപജീവനത്തിനായി 1950-കളില്‍  മുംബൈയിലെത്തിയ അയാള്‍, ഒരു കോട്ടണ്‍ മില്ലിലെ തൊഴിലാളിയായി. അമ്മ ലക്ഷ്മി നികല്‍ജെ. രാജന് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ടായിരുന്നു. മുംബൈ ചെമ്പൂരിലെ തിലക് നഗറിലുള്ള ചേരിയിലായിരുന്നു, ഇവര്‍ താമസിച്ചിരുന്നത്. എഴുപതുകളില്‍ മുംബൈയിലെ തുണിമില്ലുകള്‍ ഒന്നൊന്നായി പൂട്ടിയപ്പോള്‍ രാജന്റെ പിതാവിന് ജോലി നഷ്ടപ്പെട്ടു. ഇത് കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
ദാരിദ്ര്യവും പഠനത്തില്‍ താല്പര്യമില്ലായ്മയും കാരണം അഞ്ചാം ക്ലാസ് വരെയേ രാജന് പഠിക്കാന്‍ സാധിച്ചുള്ളൂ. ബാല്യകാലത്ത് അവധിക്കാലങ്ങളില്‍ അവന്‍ തന്റെ ജന്മനാടായ ഗിര്‍വി ഗ്രാമം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അക്കാലത്ത് നാട്ടുകാര്‍ക്ക്  അവന്‍, ശാന്തനും മര്യാദക്കാരനുമായ കുട്ടിയായിരുന്നു. 1976-ല്‍ പിതാവ് മരിച്ചതോടെയാണ് രാജന്‍ നാട്ടിലേക്ക് പോകുന്നത് പൂര്‍ണ്ണമായി നിര്‍ത്തിയത്. ദാരിദ്ര്യം കാരണം കൗമാരപ്രായത്തില്‍ തന്നെ കുടുംബം പുലര്‍ത്താന്‍ അവന്‍ തെരുവിലിറങ്ങി.
എല്ലാ അധോലോക നായകന്‍മ്മാരുടെയും പോലെ ടിപ്പിക്കല്‍ തുടക്കമാണ് ഛോട്ടാ രാജന്റെതും. ചെറിയ തരികടകളിലുടെ വളരുന്നു, ഒരു ഗോഡ്ഫാദറെ കണ്ടുമുട്ടുന്നതോടെ പന്തലിക്കുന്നു.  ചെമ്പൂരിലെ സഹകാര്‍ സിനിമ തിയേറ്ററിന് മുന്നില്‍ ബ്ലാക്കില്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റായിരുന്നു രാജന്റെ തുടക്കം. ഇതിനിടയില്‍ പോലീസിന്റെ മര്‍ദ്ദനമേല്‍ക്കുകയും, തിയേറ്റര്‍ പരിസരത്തെ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതോടെ രാജന്‍ പ്രാദേശിക ക്രിമിനലുകളുടെ കണ്ണില്‍പ്പെട്ടു. പിന്നീട് ചെമ്പൂര്‍ പ്രദേശം നിയന്ത്രിച്ചിരുന്ന ‘ബഡാ രാജന്‍’ (രാജന്‍ മഹാദേവ് നായര്‍) എന്ന അധോലോക നേതാവിന്റെ സംഘത്തില്‍ ചേര്‍ന്നതോടെയാണ് രാജേന്ദ്ര നികല്‍ജെയുടെ ജീവിതം പൂര്‍ണ്ണമായും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്് തിരിഞ്ഞത്.
ബഡാരാജന്റെ വലംകൈ
മുംബൈ അധോലോകത്തെ ആദ്യകാല മലയാളി ഡോണായിരുന്ന ബഡാ രാജന്‍.  1952-ല്‍ തൃശൂരില്‍ ജനിച്ച ഇദ്ദേഹം പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലേക്ക് കുടിയേറി. ബഡാ രാജന്‍ മുംബൈയുടെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളായ ചെമ്പൂര്‍, ഘാട്‌കോപ്പര്‍, തിലക് നഗര്‍ എന്നിവ കേന്ദ്രീകരിച്ചാണ് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. മുംബൈ ഘാട്‌കോപ്പറിലെ സഹകാര്‍ സിനിമാ തിയേറ്ററിന് മുന്നില്‍ വെച്ചാണ് ബഡാ- ഛോട്ടാ രാജന്‍മ്മാര്‍  കണ്ടുമുട്ടുന്നത്. ഈ തിയേറ്റര്‍ പ്രദേശം ബഡാ രാജന്റെ നിയന്ത്രണത്തിലായിരുന്നു. ടിക്കറ്റ് ബ്ലാക്കിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ഗുണ്ടകളുമായും പോലീസുമായും ഉണ്ടായ ഏറ്റുമുട്ടലുകളില്‍ രാജേന്ദ്രന്‍ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. പോലീസുകാരെപ്പോലും ആക്രമിക്കാന്‍ മടിക്കാത്ത ഈ ചെറുപ്പക്കാരന്റെ ധൈര്യം ബഡാ രാജനെ ആകര്‍ഷിച്ചു.
ഇതോടെ ബഡാ രാജന്‍, രാജേന്ദ്രനെ തന്റെ സംഘത്തിലേക്ക് എടുത്തു. ആദ്യം വ്യാജമദ്യം വില്‍ക്കുന്ന ജോലിയാണ് എല്‍പ്പിച്ചത്. ബഡാ രാജന്റെ എല്ലാ നിര്‍ദ്ദേശങ്ങളും വിശ്വസ്തതയോടെയും കൃത്യതയോടെയും നടപ്പാക്കിയതോടെ രാജേന്ദ്രന്‍ അദ്ദേഹത്തിന്റെ വലംകൈയായി  മാറി. തന്റെ പേരായ ‘രാജന്‍’ എന്നതിന് സമാനമായി രാജേന്ദ്രനെ അദ്ദേഹം ‘ഛോട്ടാ രാജന്‍’ എന്ന് വിളിക്കാന്‍ തുടങ്ങി.
ബഡാ രാജനും, ചെറുപ്പത്തില്‍ തന്നെ ചെറിയ മോഷണങ്ങളിലൂടെയും സിനിമാ ടിക്കറ്റ് ബ്ലാക്ക് മാര്‍ക്കറ്റിംഗിലൂടെയുമാണ് കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയത്. മുംബൈയിലെ പ്രമുഖ ഡോണായിരുന്ന വരദരാജന്‍ മുതലിയാരുമായും, പിന്നീട് ദാവൂദ് ഇബ്രാഹിമുമായും സഖ്യമുണ്ടാക്കി അദ്ദേഹം വളര്‍ന്നു. ചെമ്പൂര്‍ മേഖലയില്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ശക്തിയായി ബഡാ രാജന്‍ മാറി. മുംബൈയില്‍ അക്കാലത്ത് ശക്തമായിരുന്ന കരിം ലാലയുടെ പത്താന്‍ ഗ്യാങ്ങുമായി ദാവൂദ് ഇബ്രാഹിം ശത്രുതയിലായിരുന്നു. ദാവൂദിനെ സഹായിക്കാന്‍ ബഡാ രാജന്‍ രംഗത്തിറങ്ങി. പത്താന്‍ സംഘത്തിലെ പ്രമുഖനായ അമീര്‍സാദയെ കോടതിക്ക് പുറത്തുവെച്ച് വെടിവെച്ചുകൊല്ലാന്‍ തന്റെ ഷൂട്ടറായ ഡേവിഡ് പര്‍ദേശിക്ക് നിര്‍ദ്ദേശം നല്‍കിയത് ബഡാ രാജനായിരുന്നു. ഇതോടെ, പത്താന്‍ ഗ്യാങ്ങുമായി കൈകോര്‍ത്ത അബ്ദുല്‍ കുഞ്ഞു എന്ന എതിരാളി ബഡാ രാജനെ വധിക്കാന്‍ പദ്ധതിയിട്ടു. 1983 സെപ്റ്റംബര്‍ 21-ന്, ദക്ഷിണ മുംബൈയിലെ എസ്പ്ലനേഡ് കോടതിക്ക് പുറത്തുവെച്ച് കേസ് വിചാരണ കഴിഞ്ഞ് മടങ്ങുകയായിരുന്ന ബഡാ രാജനെ, നേവിഓഫീസറുടെ വേഷത്തിലെത്തിയ, ചന്ദ്രശേഖര്‍ സഫലിക എന്ന വാടകക്കൊലയാളി വെടിവെച്ചുകൊന്നു. അപ്പോള്‍ അദ്ദേഹത്തിന് 31 വയസ്സ് മാത്രമായിരുന്നു പ്രായം.ബഡാ രാജന്റെ മരണശേഷമാണ് ഛോട്ടാ രാജന്‍ ആ ഗ്യാങ്ങിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുക്കുന്നതും പിന്നീട് മുംബൈ അധോലോകത്തെ വിറപ്പിച്ച വലിയ ഡോണായി വളരുന്നതും.
ഗുരുവിന്റെ കൊലക്ക് പ്രതികാരം
തന്റെ ഗുരുവായ ബഡാ രാജന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ എതിരാളികളായ ചന്ദ്രശേഖര്‍ സഫലികയെയും അബ്ദുല്‍ കുഞ്ഞുവിനെയും കൃത്യമായ ആസൂത്രണത്തിലൂടെ വകവരുത്തിയാണ് ഛോട്ടാ രാജന്‍ പക വീട്ടിയത്. ബഡാ രാജന്‍ വെടിയേറ്റു മരിച്ചപ്പോള്‍, ആ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഛോട്ടാ രാജന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സിനിമയെ വെല്ലുന്ന രീതിയില്‍ ഛോട്ടാ രാജന്‍ ആ പ്രതികാരം നടപ്പാക്കി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ചന്ദ്രശേഖര്‍ സഫലികയെ നേരിട്ട് പിടികൂടുന്നത് അത്ര എളുപ്പമല്ലെന്ന് ഛോട്ടാ രാജന് അറിയാമായിരുന്നു. സഫലിക എവിടെയാണ് ഒളിവില്‍ കഴിയുന്നത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ രഹസ്യവിവരം ഛോട്ടാ രാജന്‍ മുംബൈ പോലീസിലെ പ്രമുഖ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ ഇന്‍സ്‌പെക്ടര്‍ ഇമ്മാനുവല്‍ അമോലിക്കിന് ചോര്‍ത്തി നല്‍കി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ചന്ദ്രശേഖര്‍ എന്‍കൗണ്ടറിലൂടെ കൊല്ലപ്പെട്ടു. ഇങ്ങനെ പോലീസിനെ കരുവാക്കി രാജന്‍ തന്റെ ആദ്യ പ്രതികാരം തീര്‍ത്തു.
ബഡാ രാജനെ വധിക്കാന്‍ സഫലികയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതും ഈ ഗൂഢാലോചനയുടെ തലച്ചോറും അബ്ദുല്‍ കുഞ്ഞു എന്ന അധോലോക നേതാവായിരുന്നു. സഫലികയുടെ മരണത്തോടെ, കുഞ്ഞു കടുത്ത ജാഗ്രതയിലാവുകയും ശക്തമായ സുരക്ഷയോടെ ജീവിക്കുകയും ചെയ്തു. ഛോട്ടാ രാജന്‍ മറ്റൊരു പ്രാദേശിക ഡോണായ രാമാ നായിക്കിന്റെ സഹായം തേടി. അബ്ദുല്‍ കുഞ്ഞുവിന്റെ നീക്കങ്ങള്‍ രാജന്റെ ആള്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുപോന്നു. മുംബൈ ചെമ്പൂരിലെ ഷെല്‍ കോളനിയിലെ  ഒരു മൈതാനത്ത് അബ്ദുല്‍ കുഞ്ഞു ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുരക്ഷാഭടന്മാര്‍ കുറവായിരുന്ന ആ സമയത്ത്, കളി കണ്ട് നിന്ന കാണികളുടെ ഇടയില്‍ നിന്ന് പെട്ടെന്ന് ഉയര്‍ന്നുവന്ന ഛോട്ടാ രാജന്റെ ഷൂട്ടര്‍മാര്‍ അബ്ദുല്‍ കുഞ്ഞുവിനെ പോയിന്റ് ബ്ലാങ്കില്‍  വെടിവെച്ചുകൊന്നു! തന്റെ ഗുരുവിനെ കൊന്ന രണ്ടുപേരെയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇല്ലാതാക്കിയതോടെ മുംബൈ അധോലോകത്ത് ഛോട്ടാ രാജന്റെ പേര് ഭയത്തോടെയും ബഹുമാനത്തോടെയും കേള്‍ക്കാന്‍ തുടങ്ങി.
‘ദേശസ്‌നേഹി ഡോണ്‍’ പിറക്കുന്നു
ഈ ഇരട്ട പ്രതികാരമാണ് ദാവൂദ് ഇബ്രാഹിമിന്റെ ശ്രദ്ധ ഛോട്ടാ രാജനിലേക്ക് തിരിക്കാന്‍ കാരണമായത്. തുടര്‍ന്ന് ദാവൂദ് രാജനെ തന്റെ ‘ഡി-കമ്പനി’യിലേക്ക് ക്ഷണിക്കുകയും രാജന്‍ മുംബൈ ഭരിക്കുന്ന വലിയ ഡോണായി വളരുകയും ചെയ്തു. ദാവൂദ് ഏല്‍പ്പിക്കുന്ന ഏത് അപകടകരമായ ദൗത്യവും കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ രാജന് സാധിച്ചിരുന്നു. കള്ളക്കടത്ത്, ലഹരിമരുന്ന് വ്യാപാരം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയിലൂടെ ഇരുവരും ഡി-കമ്പനിയെ ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയാ സംഘമാക്കി മാറ്റി.
1988-ല്‍ മുംബൈയിലെ എതിരാളിയായ അരുണ്‍ ഗാവ്ലിയുടെ ഭീഷണിയെത്തുടര്‍ന്ന് ഛോട്ടാ രാജന്‍ ദുബായിലേക്ക് കടന്നു. ദുബായില്‍ വെച്ചും ദാവൂദിന്റെ പ്രധാന കാര്യസ്ഥനായി പ്രവര്‍ത്തിച്ചത് രാജനായിരുന്നു. എന്നാല്‍ 90കളുടെ തുടക്കത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. ഡി-കമ്പനിയില്‍ ദാവൂദിന്റെ മറ്റൊരു വിശ്വസ്തനായ ഛോട്ടാ ഷക്കീല്‍, സുനില്‍ സാവന്ത് എന്നിവര്‍ക്ക് വലിയ സ്വാധീനം ലഭിക്കാന്‍ തുടങ്ങി. ഇത് രാജനെ ഒതുക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം ഭയന്നു. രാജന്റെ സ്വന്തം ആള്‍ക്കാരെ ദാവൂദിന്റെ സംഘത്തിലെ ചിലര്‍ വധിച്ചതും രാജനെ ചൊടിപ്പിച്ചു.
1993 മാര്‍ച്ചില്‍ മുംബൈ നഗരത്തെ നടുക്കിയ പരമ്പര ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് ഇബ്രാഹിം ആണെന്ന് വ്യക്തമായതോടെ ഇരുവരും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി തകര്‍ന്നു. തുടര്‍ന്ന് രാജന്‍ ദാവൂദുമായി ഔദ്യോഗികമായി പിരിഞ്ഞു. ദാവൂദ് രാജ്യദ്രോഹിയാണെന്നും, താന്‍ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു ‘ദേശസ്‌നേഹി ഡോണ്‍’ ആണെന്നും പ്രഖ്യാപിച്ച് രാജന്‍ സ്വന്തമായി ഗ്യാങ് രൂപീകരിച്ചു.
പക്ഷേ പിന്നീടങ്ങോട്ട് ചോരപ്പുഴ ഒഴുകിയ ഗ്യാങ്്‌വാറാണ് മുംബൈ കണ്ടത്. വേര്‍പിരിയലിന് ശേഷം മുംബൈയും വിദേശരാജ്യങ്ങളും ഇരുവരുടെയും കുടിപ്പകയ്ക്ക് സാക്ഷ്യം വഹിച്ചു. രാജന്‍ ദാവൂദിന്റെ ആളുകളെയും, മുംബൈ സ്‌ഫോടനക്കേസില്‍ പ്രതികളായി ജാമ്യത്തിലിറങ്ങിയവരെയും തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. ഡി കമ്പനിയിലെ പ്രധാനിയായ സുനില്‍ സാവന്തിനെ ദുബായില്‍ വെച്ച് രാജന്റെ ആള്‍ക്കാര്‍ വെടിവെച്ചുകൊന്നു. ഇതിന് പ്രതികാരമായി രാജനോട് അടുത്ത ആളുകളെ ദാവൂദും വകവരുത്തി.
ഞെട്ടിച്ച ജേ ഡേ കൊല
പ്രശസ്ത ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ജ്യോതിര്‍മയ് ഡേ എന്ന ജെ ഡേ വധിക്കപ്പെടുന്നത് ഛോട്ടാ രാജന്റെ വ്യക്തിപരമായ ഈഗോയും അധോലോക ശത്രുതയും കാരണമാണ്. 2011 ജൂണ്‍ 11-ന് മുംബൈയിലെ പവായില്‍ വെച്ചാണ് അദ്ദേഹം  വെടിയേറ്റു കൊല്ലപ്പെടുന്നത്. മുംബൈയിലെ ‘മിഡ്-ഡേ’ പത്രത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്ററും അധോലോകത്തെക്കുറിച്ച് ആഴത്തില്‍ അറിവുള്ളയാളുമായിരുന്നു ജെ. ഡേ. ഛോട്ടാ രാജനെ ഒരു ചെറിയ ക്രിമിനലായി ചിത്രീകരിക്കുന്ന ഒരു പുസ്തകം എഴുതാന്‍ ജെ. ഡേ പദ്ധതിയിട്ടിരുന്നു. കൂടാതെ അദ്ദേഹം എഴുതിക്കൊണ്ടിരുന്ന ചില പുസ്തകങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് രാജന്‍ വിശ്വസിച്ചു. ഇത് ഛോട്ടാ രാജന്റെ ഈഗോയെ വല്ലാതെ മുറിവേല്‍പ്പിച്ചു.
ജെ. ഡേ തന്റെ എഴുത്തുകളിലൂടെയും പുസ്തകങ്ങളിലൂടെയും ഛോട്ടാ രാജന്റെ മുഖ്യശത്രുവായ ദാവൂദ് ഇബ്രാഹിമിനെ വലിയ ഡോണായും, രാജനെ ദാവൂദിന് മുന്നില്‍ ദുര്‍ബലനായും ചിത്രീകരിക്കുന്നുവെന്ന് ഛോട്ടാ രാജന്‍ സംശയിച്ചു. താന്‍ സ്വയം അവകാശപ്പെടുന്ന ‘ദേശസ്‌നേഹി ഡോണ്‍’ എന്ന മുഖം ജെ. ഡേ തകര്‍ക്കുമെന്ന് രാജന്‍ ഭയന്നു.തന്റെ അധോലോക സാമ്രാജ്യം ഇപ്പോഴും ശക്തമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ശത്രുക്കള്‍ക്കും കാണിച്ചുകൊടുക്കാന്‍ രാജന്‍ ആഗ്രഹിച്ചിരുന്നു.
മുംബൈയിലെ ഗാട്കോപ്പറിലുള്ള അമ്മയെ കണ്ട് മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്നു ജെ. ഡേ. ഉച്ചയ്ക്ക് ഏകദേശം 3 മണിയോടെ പവായിലെ ഹിരാനന്ദാനി ഗാര്‍ഡന്‍സിന് സമീപം വെച്ച് ബൈക്കുകളിലെത്തിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശരീരത്തില്‍ ഒന്‍പതോളം വെടിയേറ്റ അദ്ദേഹം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ആദ്യം മുംബൈ പൊലീസും പിന്നീട് സി.ബി.ഐയും ആണ് ഈ കേസ് അന്വേഷിച്ചത്. കൃത്യമായ ആസൂത്രണത്തോടെ രാജന്‍ ഒളിവില്‍ ഇരുന്ന് നടത്തിയതായിരുന്നു ഈ കൊലപാതകം. കേസ് അന്വേഷിച്ച മുംബൈ ക്രൈംബ്രാഞ്ച്, കൊലപാതകം നേരിട്ട് നടത്തിയ ഷൂട്ടര്‍ സതീഷ് കാലിയ ഉള്‍പ്പെടെയുള്ള ഛോട്ടാ രാജന്റെ സംഘത്തിലെ പത്തോളം പേരെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു. കൊലപാതകം നടന്നതിന് ശേഷം ചില പ്രമുഖ മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് ജെ. ഡേയെ കൊന്നത് താനാണെന്ന് ഛോട്ടാ രാജന്‍ തന്നെ വിളിച്ചുപറഞ്ഞിരുന്നു. ഈ ഫോണ്‍ റെക്കോര്‍ഡുകള്‍ കേസില്‍ നിര്‍ണായക തെളിവായി മാറി. ഛോട്ടാ രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതികള്‍ സമ്മതിച്ചു. തുടര്‍ന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഛോട്ടാ രാജനെ പ്രധാന പ്രതിയാക്കി ചേര്‍ത്തു.
ബാങ്കോക്കിലെ ചോരപ്പുഴ
വിദേശരാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് രാജന്‍ ദാവൂദ് സംഘത്തിലുള്ളവരെ തീര്‍ത്തുകൊണ്ടിരുന്നു. ഒടുവില്‍, രാജനെ ഇല്ലാതാക്കാന്‍ ദാവൂദിന്റെ വലംകൈയായ ഛോട്ടാ ഷക്കീല്‍ ഒരു പദ്ധതി തയ്യാറാക്കി. 2000 സെപ്റ്റംബറില്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലെ സുഖുംവിത് റോഡിലുള്ള  രോഹിത് വര്‍മ്മ എന്ന സഹായിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഛോട്ടാ രാജന്‍ ഉള്ളപ്പോഴാണ് പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരെന്ന വ്യാജേന ദാവൂദിന്റെ ഷൂട്ടര്‍മാര്‍ അകത്തുകയറിയത്. അവര്‍ അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു. രാജന്റെ വലംകൈയായിരുന്ന രോഹിത് വര്‍മ്മ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ ഛോട്ടാ രാജന്റെ വയറിനും കാലിനും ഗുരുതരമായി വെടിയേറ്റു. രാജന്‍ മരിച്ചെന്ന് ഉറപ്പിച്ചാണ് ഷൂട്ടര്‍മാര്‍ അവിടെനിന്ന് പിന്‍വാങ്ങിയത്. എന്നാല്‍ അസാധാരണമായ ജീവന്മരണ പോരാട്ടത്തിനൊടുവില്‍, ആ ഒന്നാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനല്‍ക്കര്‍ട്ടനുകള്‍ കൂട്ടിക്കെട്ടി ജനലിലൂടെ താഴേക്ക് തൂങ്ങിക്കിടന്നാണ് രാജന്‍ രക്ഷപ്പെട്ടത്.
താഴെ വീണ് എല്ലുകള്‍ക്ക് പരിക്കേറ്റിട്ടും അദ്ദേഹം അവിടെയുള്ള ഒരു തദ്ദേശീയ ആശുപത്രിയില്‍ അഭയം പ്രാപിച്ചു. താന്‍ ബാങ്കോക്ക് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ദാവൂദിന്റെ സംഘവും തായ്ലന്‍ഡ് പോലീസും അറിഞ്ഞതായി രാജന്‍ മനസ്സിലാക്കി. അവിടെനിന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും സ്വന്തം വിശ്വസ്തരുടെയും സഹായത്തോടെ ഒരു പ്രൈവറ്റ് ഹെലികോപ്റ്റര്‍ എടുത്ത് രാജന്‍ കംമ്പോഡിയയിലേക്ക്  രഹസ്യമായി കടന്നുകളഞ്ഞു! മാരകമായി വെടിയേറ്റിട്ടും, ചുറ്റും ശത്രുക്കള്‍ വളഞ്ഞിട്ടും അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളുടെയും അധോലോകത്തിന്റെയും കണ്ണുവെട്ടിച്ച് രാജന്‍ ബാങ്കോക്കില്‍ നിന്നും രക്ഷപ്പെട്ട ഈ സംഭവത്തെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ എസ്‌കേപ്പുകളില്‍ ഒന്നായി അധോലോക ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നത്.
രാം ഗോപാല്‍ വര്‍മ്മയുടെ പ്രശസ്ത അധോലോക ചിത്രമായ ‘കമ്പനി’ (2002) എന്ന സിനിമയില്‍ ഈ സംഭവം കാണിക്കുന്നുണ്ട്. സിനിമയില്‍ ഛോട്ടാ രാജനെ അടിസ്ഥാനമാക്കിയുള്ള ‘ചന്ദു’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് നടന്‍ വിവേക് ഒബറോയ് ആണ്. (ഈ ചിത്രത്തിലൂടെയാണ് വിവേക് ഒബറോയ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതും മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയതും). ദാവൂദ് ഇബ്രാഹിമിന്റെ വേഷം (സിനിമയില്‍ ‘മാലിക്’) ചെയ്തത് അജയ് ദേവ്ഗണും, മുംബൈ പോലീസ് കമ്മീഷണറുടെ വേഷം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായിരുന്നു>കമ്പനി’ എന്ന സിനിമയില്‍ ഈ ബാങ്കോക്ക് ഷൂട്ടൗട്ടും, അതിനുശേഷം ആശുപത്രിയില്‍ കിടക്കുന്ന ചന്ദുവിനെ  വധിക്കാന്‍ മാലിക് ആളയയ്ക്കുന്നതുമെല്ലാം രാം ഗോപാല്‍ വര്‍മ്മ വളരെ തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്.
തുടര്‍ന്ന് ‘മോഹന്‍ കുമാര്‍’ എന്ന വ്യാജപ്പേരില്‍ പാസ്പോര്‍ട്ട് ഉണ്ടാക്കി വിവിധ രാജ്യങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു രാജന്‍. ഈ വധശ്രമത്തിന് ശേഷം ദാവൂദിനെ തകര്‍ക്കാന്‍ ഛോട്ടാ രാജന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി രഹസ്യ ധാരണയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ദാവൂദിന്റെ ബിസിനസ്സ് സാമ്രാജ്യത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ രാജന്‍ ചോര്‍ത്തി നല്‍കി. അങ്ങനെ ഇന്ന് കാണുന്ന രീതിയില്‍ ഡി കമ്പനിയെ തകര്‍ത്ത് സത്യത്തില്‍ ഇയാളാണ്.
വര്‍ഷങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 2015-ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് ഛോട്ടാ രാജന്‍ പിടിയിലായി. തുടര്‍ന്ന് ഇന്ത്യയിലെത്തിച്ച അദ്ദേഹത്തെ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലടച്ചു. അതുതന്നെ ദാവൂദിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒത്തുകളിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.  ഒടുവില്‍, 2018 മെയ് മാസത്തില്‍ മുംബൈയിലെ പ്രത്യേക കോടതി ഛോട്ടാ രാജനും മറ്റ് 8 പ്രതികള്‍ക്കും ജെ. ഡേ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതടക്കം എഴുപതിലധികം കേസുകള്‍ രാജനെതിരെയുണ്ട്. നിലവില്‍ വിവിധ കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന രാജന്, ഏറ്റവും ഒടുവില്‍ വന്ന വ്യാജ പാസ്പോര്‍ട്ട് കേസും തിരിച്ചടിയായി.
വാല്‍ക്കഷ്ണം: പക്ഷേ ഇപ്പോഴും ദാവൂദ് ഇബ്രാഹീം ഏറ്റവും കുടുതല്‍ ഭയക്കുന്ന പേര് ഛോട്ടാ രാജന്റെത് തന്നെയാണ്. ജയിലില്‍ കിടന്നും അയാള്‍ തന്റെ വിശ്വസ്തരിലുടെ ദാവൂദിനെ തിരയുന്നുണ്ട്! ദാവൂദിന്റെ പുക കാണാതെ താന്‍ തീരില്ല എന്ന ഛോട്ടാ രാജന്‍ തന്നെ ജയിലില്‍വന്ന് കണ്ടവരോട് പറയുന്നത് എന്നാണ് മുംബൈ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.