ന്യൂഡൽഹി: എഫ്.സി.ആർ.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ വീണ്ടും അറിയിച്ച് ക്രൈസ്തവ സഭാ പ്രതിനിധികൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നുവെങ്കിലും ബിൽ പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുമെന്ന ഉറപ്പ് ലഭിച്ചില്ല.
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ.) പ്രതിനിധികളാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്. ബിൽ പൂർണമായും പിൻവലിക്കുകയോ, അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) പരിഗണനയ്ക്ക് വിടുകയോ ചെയ്യണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെച്ചത്. മുൻകാല പ്രാബല്യവുമായി ബന്ധപ്പെട്ട വ്യവസ്ഥയിൽ ഇളവ് നൽകാമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നെങ്കിലും അതുമാത്രം മതിയാകില്ലെന്ന നിലപാടാണ് സഭാ നേതൃത്വങ്ങൾ അറിയിച്ചത്.
വിദേശ സംഭാവനകൾക്ക് കർശനമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമല്ലേയെന്ന ചോദ്യമാണ് ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി ഉയർത്തിയത്. എന്നാൽ ബില്ലിൽ നിന്ന് പിന്മാറാനോ പ്രധാന വ്യവസ്ഥകളിൽ മാറ്റം വരുത്താനോ കേന്ദ്രം തയ്യാറാണെന്ന സൂചന ലഭിച്ചില്ല.
ഇതിനിടെ, മിസോറം മുഖ്യമന്ത്രി ലാൽ ദുഹോമയുടെ നേതൃത്വത്തിലുള്ള സംഘവും ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ബില്ലിനെച്ചൊല്ലിയുള്ള ആശങ്കകൾ അറിയിച്ചു. മിസോറം കൊഹ്റാൻ ഹ്രുവൈതു കമ്മിറ്റിയുടെയും മിസോറം കൗൺസിൽ ഓഫ് ചർച്ചസിന്റെയും പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. ബില്ലിനെതിരെ നിവേദനവും മന്ത്രിക്ക് കൈമാറി.
ഈ മാസം 12-ന് ലോക്സഭയിലും രാജ്യസഭയിലും എഫ്.സി.ആർ.എ. ഭേദഗതി ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പാർലമെന്റിന്റെ നിലവിലെ വർഷകാല സമ്മേളനം 13-ന് അവസാനിക്കും.
സി.ബി.സി.ഐ. സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, ഡി.എം.കെ. എം.പി. ഡോ. പി. വിത്സൺ എന്നിവരാണ് സഭയുടെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുത്തത്.
ബില്ലിലെ വിവാദ വ്യവസ്ഥകൾ
14 ബി: എഫ്.സി.ആർ.എ. ലൈസൻസ് പുതുക്കാതിരിക്കുകയോ, പുതുക്കൽ അപേക്ഷ നിരസിക്കപ്പെടുകയോ, അല്ലെങ്കിൽ ലൈസൻസിന്റെ കാലാവധി അവസാനിക്കുകയോ ചെയ്താൽ സ്ഥാപനത്തിന്റെ എഫ്.സി.ആർ.എ. സർട്ടിഫിക്കറ്റ് അസാധുവാകും.
16 എ: സർട്ടിഫിക്കറ്റ് അസാധുവായ സ്ഥാപനങ്ങളുടെ വിദേശ സംഭാവനകളും അവ ഉപയോഗിച്ച് സമ്പാദിച്ച ആസ്തികളും സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാക്കാം. പിന്നീട് രജിസ്ട്രേഷൻ പുതുക്കുകയോ പുതിയ ലൈസൻസ് ലഭിക്കുകയോ ചെയ്താൽ ആസ്തികൾ തിരിച്ചുനൽകും. അല്ലാത്തപക്ഷം അവ അതോറിറ്റിയുടെ കൈവശമായിരിക്കും.
16 ബി: മുൻകാലത്ത് എഫ്.സി.ആർ.എ. രജിസ്ട്രേഷൻ നഷ്ടപ്പെട്ട സ്ഥാപനങ്ങളുടെയും ആസ്തികൾക്കും പുതിയ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്നതാണ് പ്രധാന ആശങ്ക. നിലവിൽ വിദേശ സംഭാവനകൾ സ്വീകരിക്കാതെ ആഭ്യന്തര ഫണ്ടുകൾ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്കൂളുകൾ, ആശുപത്രികൾ, സാമൂഹിക സേവന കേന്ദ്രങ്ങൾ എന്നിവയെയും ഇത് ബാധിക്കുമെന്നാണ് വിമർശനം.
പ്രത്യേക പാർലമെന്റ് സമ്മേളനമില്ല
നിലവിലെ സമ്മേളനം കഴിഞ്ഞ് ഓഗസ്റ്റ് 16 മുതൽ 18 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് മണ്ഡല പുനർവിഭജന ബിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ നിഷേധിച്ചു.
വിദേശസഹായ വിതരണത്തിൽ അമേരിക്കയുടെ പുതിയ നയം
വിദേശസഹായ വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം പ്രഖ്യാപിച്ച് അമേരിക്ക. ഇനി മുതൽ സഹായധനം സർക്കാരിതര സംഘടനകൾ വഴി നൽകാതെ, ബന്ധപ്പെട്ട രാജ്യങ്ങൾക്ക് നേരിട്ടായിരിക്കും കൈമാറുകയെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


“പൊലീസും ഫോറസ്റ്റും ഞങ്ങൾക്ക് പുല്ലാ; ആരെങ്കിലും അനാവശ്യമായി അടിച്ചാൽ തിരിച്ചടിക്കാൻ അറിയാവുന്നവരാണ് ഞങ്ങൾ” — എം.എം. മണി







