കൊച്ചി : താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട് അമ്മ അംഗങ്ങൾക്ക് ശ്വേത മേനോൻ കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താനുള്ള നടപടികൾ ആരംഭിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകുമെന്നും, നിലവിൽ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും ശ്വേത വ്യക്തമാക്കുന്നു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും കത്തിലുണ്ട്.
ജൂൺ 21ന് നടന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിന് പിന്നാലെ ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. എന്നാൽ ഭരണസമിതിയിൽനിന്ന് ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ്, ലക്ഷ്മിപ്രിയ എന്നിവർ മാത്രമാണ് ഔദ്യോഗികമായി രാജിക്കത്ത് നൽകിയതെന്നും, ബാക്കിയുള്ളവർ രാജിവയ്ക്കാത്തിടത്തോളം നിലവിലെ ഭരണസമിതി തന്നെയാണ് നിയമപരമായി തുടരുന്നതെന്നുമായിരുന്നു ശ്വേതയുടെ വാദം.
ഇതേത്തുടർന്ന് ശ്വേത കോടതിയെ സമീപിക്കുകയും, അഡ്ഹോക്ക് കമ്മിറ്റിക്ക് യോഗങ്ങൾ ചേരാനോ പ്രമേയങ്ങൾ പാസാക്കാനോ അധികാരമില്ലെന്നും നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രമേഷ് പിഷാരടി രാജിവച്ചത്. ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ താൽപര്യമില്ലെന്നും, ശ്വേത ഉന്നയിച്ച അഴിമതി ആരോപണം കേവലം ആരോപണം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
കേസിൽ കക്ഷി ചേരാൻ നടി അൻസിബ ഹസൻ അപേക്ഷ നൽകിയിരുന്നെങ്കിലും ഇതിനെ ശ്വേത മേനോൻ എതിർത്തു. ഇപ്പോൾ അയച്ച കത്തിന് ശ്വേതയെ എതിർക്കുന്ന വിഭാഗം ഇതുവരെ മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് അവരുടെ തീരുമാനം. ജൂലൈ 27ന് എറണാകുളം മുൻസിഫ് കോടതി ഇരുപക്ഷത്തിന്റെയും വാദം കേൾക്കും. അന്നേ ദിവസത്തെ കോടതി വിധി അമ്മയുടെ നേതൃത്വത്തർക്കത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


നീന കുറുപ്പിന്റെ മൊഴി വഴിത്തിരിവായി; ‘ജിഹാദി തമാശ’ റിപ്പോർട്ട് തള്ളി കോടതി







