കോഴിക്കോട് : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ‘ഇംപാക്ട് കേരള ലിമിറ്റഡ്’ കമ്പനിയുടെ പ്രവർത്തനലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് വൻകിട പദ്ധതികൾ നടപ്പാക്കി ആസ്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്പനിയിൽ ആകെ നടന്നത് പാർട്ടി ബന്ധുക്കൾക്കുള്ള നിയമനം മാത്രമാണെന്നാണ് ആരോപണം. 5 വർഷത്തിനിടെ താൽക്കാലിക ജീവനക്കാർക്കായി ഏഴരക്കോടിയോളം രൂപ ശമ്പള ഇനത്തിൽ ചെലവഴിച്ചെങ്കിലും ഇംപാക്ട് കേരള പൂർത്തിയാക്കിയത് വെറും 3 പദ്ധതികൾ മാത്രം.
ആധുനിക അറവുശാലകൾ, ഗ്യാസ് ശ്മശാനങ്ങൾ, മാലിന്യ സംസ്കരണ പ്ലാന്റുകൾ, നഗര സൗന്ദര്യവൽക്കരണം, പുതിയ മുനിസിപ്പാലിറ്റി കെട്ടിടങ്ങൾ തുടങ്ങിയ വലിയ പ്രോജക്ടുകൾ വേഗത്തിലും സുതാര്യമായും നടത്താൻ കഴിഞ്ഞ സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിയാണ് (എസ്പിവി) ഇംപാക്ട് കേരള ലിമിറ്റഡ്. തദ്ദേശ സ്ഥാപനങ്ങൾക്ക് തനിച്ച് ചെയ്യാൻ കഴിയാത്ത വലിയ വികസന പ്രോജക്ടുകൾ കമ്പനിയുടെ വേഗതയോടെയും പ്രഫഷനലിസത്തോടെയും ഫണ്ട് സമാഹരിച്ച് ചെയ്യാൻ വേണ്ടിയാണ് തദ്ദേശ വകുപ്പിനു കീഴിൽ ഈ കമ്പനി രൂപീകരിച്ചതെന്നായിരുന്നു അന്നത്തെ വിശദീകരണം.
കിഫ്ബി, റീബിൽഡ് കേരള, ശുചിത്വമിഷൻ എന്നിവ വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ 170 കോടി രൂപയുടെ പദ്ധതികൾ ഏൽപ്പിച്ചതിൽ കണ്ണൂർ ഏഴോം പഞ്ചായത്ത് ശ്മശാനം, രാമനാട്ടുകര നഗരസഭ ഓഫിസ്, ചേർത്തല മലിനജല സംസ്കരണ പദ്ധതി എന്നിവ മാത്രമാണ് പൂർത്തിയാക്കിയത്. 31 കോടി രൂപയുടെ കണ്ണൂർ കോർപറേഷൻ ഓഫിസ് കെട്ടിട നിർമാണം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ ഈ വർഷം പൂർത്തിയാക്കേണ്ടവയായിരുന്നു.
കിഫ്ബി, റീബിൽഡ് കേരള എന്നിവയിൽനിന്ന് ഫണ്ട് വകമാറ്റാൻ ഇടനിലക്കാരായി രൂപീകരിച്ച സംവിധാനം മാത്രമാണ് ഇംപാക്ട് കേരള എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. 500 കോടിയോളം രൂപയുടെ പദ്ധതികൾ ഇവരെ ഏൽപ്പിക്കാനായിരുന്നു അന്നത്തെ സർക്കാരിന്റെ നീക്കം. പദ്ധതി തുകയുടെ നിശ്ചിത ശതമാനം ഇംപാക്ട് കേരളയ്ക്ക് മേൽനോട്ട ചാർജായി ലഭിക്കുന്ന വ്യവസ്ഥയായിരുന്നു.
എന്നാൽ മേൽനോട്ട ചാർജ് വാങ്ങുമ്പോഴും യഥാർഥ മേൽനോട്ടം സ്വകാര്യ കമ്പനികൾക്കും എംപാനൽഡ് ഏജൻസികൾക്കും മറിച്ചു നൽകിയിരിക്കുകയാണെന്നും ആരോപണമുണ്ട്. മതിയായ യോഗ്യതയില്ലെന്ന് നേരത്തേതന്നെ ആരോപണമുയർന്ന കമ്പനികളും ചില ഉന്നതരുടെ ബേനാമി കമ്പനികളും ഇക്കൂട്ടത്തിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നിയമനയോഗ്യത പാർട്ടി ബന്ധുത്വം
ഇംപാക്ട് കേരളയിലെ താൽക്കാലിക നിയമനങ്ങൾ പിൻവാതിൽ നിയമനങ്ങളാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 25,000 മുതൽ 60,000 രൂപ വരെ ശമ്പളം വാങ്ങുന്ന മുപ്പതോളം ജീവനക്കാരാണ് നിലവിലുള്ളത്. നിയമപ്രകാരം വിജ്ഞാപനം ചെയ്യാതെയാണ് പല തസ്തികകളിലും നിയമനം നടന്നതെന്ന് ആരോപണമുണ്ട്. പാർട്ടി ബന്ധുത്വം അടിസ്ഥാനമാക്കി, മതിയായ പ്രഫഷനൽ മികവുപോലുമില്ലാത്തവരാണ് കോടിക്കണക്കിന് രൂപയുടെ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ, പ്രൊമോഷൻ തടയും ; ആലപ്പുഴ മർദ്ദന കേസിൽ രമേശ്ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം നടപടി







