തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. ദിവ്യ എസ്. അയ്യരെ മാറ്റിയ സർക്കാർ നടപടി വിവാദമാക്കേണ്ടതില്ലെന്ന് മുൻ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ വ്യക്തമാക്കി. ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ തങ്ങളുടെ ഭരണപരമായ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരെ പുനർനിയമിക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്ന് ശൈലജ പ്രതികരിച്ചു. സർക്കാർ മാറുമ്പോൾ തന്ത്രപ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് സാധാരണ ഭരണനടപടിയാണെന്നും, ഇതിൽ രാഷ്ട്രീയ ദുരൂഹതകൾ തിരയേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
വിഴിഞ്ഞം പോർട്ട് എംഡിയെ തിടുക്കപ്പെട്ട് മാറ്റിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവിന്റെ ഈ തിരുത്തൽ. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലെ (എവിപിപിഎൽ) 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (എംഎസ്സി) കൈമാറാൻ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) നിർദ്ദേശിച്ചതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് കെ കെ രാഗേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് ശൈലജ നൽകിയത്. പരാജയത്തിന്റെ പേരിൽ പെട്ടെന്ന് നേതൃമാറ്റം വരുത്തുന്നത് സി.പി.ഐ.എമ്മിന്റെ പ്രവർത്തന രീതിയല്ലെന്ന് അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് ഏതെങ്കിലും വ്യക്തികൾ മാത്രമല്ല, മറിച്ച് എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. ജനവിധി മുൻനിർത്തി ആവശ്യമായ തിരുത്തൽ നടപടികളിലൂടെ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും, ഇടതുപക്ഷം ക്ഷീണം സംഭവിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പാർട്ടി നേതൃത്വം സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ടോൾ വെട്ടിക്കാൻ ശ്രമം; 100 രൂപ ലാഭിക്കാൻ പിഴയായി നൽകേണ്ടത് 1000 രൂപയും ഒപ്പം കേസും
കേരളത്തിന് അർഹതപ്പെട്ട എയിംസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും ശൈലജ ടീച്ചർ തന്റെ നിലപാട് വിശദീകരിച്ചു. താൻ ആരോഗ്യ മന്ത്രിയായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിരവധി തവണ എയിംസിനായി കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് അവർ ഓർമ്മിപ്പിച്ചു. എന്നാൽ നിർഭാഗ്യവശാൽ ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കേരളത്തിൽ എവിടെ എയിംസ് അനുവദിച്ചാലും അത് സംസ്ഥാനത്തിന് വലിയ സന്തോഷമുള്ള കാര്യമാണ്. വികസനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം എവിടെയാണോ, അവിടെയാണ് ഇത്തരം സ്ഥാപനങ്ങൾ വരേണ്ടതെന്ന് ശൈലജ പ്രതികരിച്ചു.









