ആഗ്രഹിച്ചു വാങ്ങിയ വള്ളിക്കെട്ടിൽ കുടുങ്ങി പ്രേമദാസൻ; ‘മോഹനവള്ളി’ ആരംഭിച്ചു!

ഓരോ മനുഷ്യന്റെ ജീവിതത്തിലും അപ്രതീക്ഷിതമായി ചില ‘വള്ളിക്കെട്ടുകൾ’ വന്നെത്താറുണ്ട് . എന്നാൽ, തനി നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് ഏറെ കൊതിച്ചു സ്വന്തമാക്കിയത് അത്ര പെട്ടെന്നൊന്നും അഴിച്ചെടുക്കാൻ പറ്റാത്ത സുന്ദരമായൊരു *’മോഹനവള്ളി’*യെയാണ് . അവിടെയും തീർന്നില്ല , ആ വള്ളിക്കെട്ട് പിന്നീട് കുടുംബക്കാരും നാട്ടുകാരും ചേർന്ന് ഏറ്റെടുക്കുന്നതോടെ സംഗതി വലിയൊരു ‘കുരുക്കായി’ മാറുന്നു. ആ കുരുക്കഴിക്കാൻ അവർ നടത്തുന്ന നെട്ടോട്ടങ്ങളും, അതിനിടയിലെ അതീവ രസകരമായ മുഹൂർത്തങ്ങളുമാണ് ഹാസ്യത്തിന്റെ അകമ്പടിയോടെ വന്നെത്തുന്ന ‘മോഹനവള്ളി’ എന്ന ചിത്രം .

ഹൊറർ- ഫാന്റസി- ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ശേഷമാണ് ഉമേഷ് സംവിധായകനിരയിലേക്കെത്തുന്നത്.
ജെ. സ്റ്റുഡിയോസ്, എ2എ മൂവി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ചിത്രത്തിന് ഞായറാഴ്ച്ച ആരംഭം കുറിച്ചു. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമായത്.

പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവനാണ് സ്വിച്ചോൺ കർമം നിർവ്വഹിച്ചത്. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നൽകി. അസീസ് നെടുമങ്ങാട് ആദ്യ ഷോട്ടിൽ അഭിനയിച്ചു. സംവിധായകൻ ലിയോ തദേവൂസ് ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.

സമീപകാലത്ത് പ്രേഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടണ് കേന്ദ്ര കഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, അബിൻബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പാലക്കാട് കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

രചന: രാഹുൽ കല്യാൺ, സംഗീതം: അർക്കാഡോ, ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ, എഡിറ്റിങ്: സുനേഷ് സെബാസ്റ്റ്യൻ, കലാസംവിധാനം: മകേഷ് മോഹൻ, മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ: അരവിന്ദ് കെ.ആർ, സൗണ്ട് മിക്‌സിങ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ: യെല്ലോടൂത്ത്, മാർക്കറ്റിങ്: ഓപറ, സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പി.ആർ.ഒ: വാഴൂർ ജോസ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.