വഖഫ് :  സർക്കാർ നിലപാട് കൊടുംവഞ്ചന

പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്‌
​സംഘപരിവാർ അജണ്ടകൾക്ക് നിരന്തരം കീഴടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വഞ്ചനാപരമായ മുഖമാണ് വഖഫ് വിഷയത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ മേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയെ ഹൈക്കോടതിയിൽ പിന്തുണച്ച സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത അനീതിയാണ്. സർക്കാരിന്റെ ഈ കീഴടങ്ങൽ ഒറ്റപ്പെട്ട സംഭവമല്ല. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനം, സർവ്വകലാശാലകളിലെ സംഘപരിവാർ വൽക്കരണം എന്നിവയിൽ തുടങ്ങിയ വിധേയത്വം മുനമ്പം, പി.എം ശ്രീ, ലൈഫ് ഭവനപദ്ധതിയുടെ ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളിലും ആവർത്തിച്ചു.
​ഇതിൽ ഏറ്റവും അപഹാസ്യം മുസ്ലിം ലീഗിന്റെ ചുവടുമാറ്റമാണ്. പി.എം ശ്രീ, വഖഫ് ഭേദഗതി വിഷയങ്ങളിൽ നേരത്തെ ശക്തമായ എതിർപ്പ് ഉയർത്തിയ ലീഗ്, ഇപ്പോൾ അതേ സംഘപരിവാർ നയങ്ങളുടെ വക്താക്കളായി മാറിയിരിക്കുകയാണ്. അധികാരത്തിൽ എത്തിയതിനുശേഷം  നിലപാടുകളിൽ നിന്നുള്ള ഈ മറുകണ്ടംചാടൽ മുസ്ലിം ജനസാമാന്യത്തോടുള്ള കൊടിയ വഞ്ചനയാണ്.
2025 ൽ കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം തികച്ചും വിവേചനപരവും മുസ്ലിം അപരവൽക്കരണം ലക്ഷ്യമിട്ടുള്ളതുമായിരുന്നു. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ തിരുകിക്കയറ്റുന്നതുൾപ്പെടെ കടുത്ത വർഗീയ ലക്ഷ്യങ്ങളുള്ള വ്യവസ്ഥകളാണ് ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ നിയമഭേദഗതി യിലുള്ളത്. മറ്റ് മതസ്ഥാപനങ്ങളുടെ ഭരണസമിതികളിൽ കാണാത്ത ഈ ഇടപെടൽ മുസ്ലീം ന്യൂനപക്ഷങ്ങളെ മാത്രം ഉന്നം വെച്ചുള്ളതാണ്. മതവിശ്വാസ സ്വാതന്ത്ര്യവും മതസ്ഥാപനങ്ങൾക്കുള്ള സ്വതന്ത്രാധികാരവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 25, 26 എന്നീ അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണിത്.  ബിജെപി ഇതര സർക്കാരുകൾ ഒറ്റക്കെട്ടായി എതിർത്ത ഈ ഭരണഘടനാവിരുദ്ധ നിയമത്തിനാണ് ഇപ്പോൾ കേരളത്തിൽ യുഡിഎഫ് സർക്കാർ സംരക്ഷണം തീർക്കുന്നത്. ബി ജെ പി സംസ്ഥാനങ്ങൾ മാത്രമാണ് ഈ ഭേദഗതി നടപ്പാക്കാൻ തയ്യാറായിട്ടുള്ളത്.
വഖഫ് ഭേദഗതിക്കെതിരെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. 2024 ആഗസ്തിൽ പാർലമെണ്ടിൽ ഭേദഗതി ബില്ല് അവതരിപ്പിച്ചതിനെ തുടർന്ന് ഒക്ടോബർ 14 ന്  കേരള നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. സുപ്രീം കോടതിയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിൽ കക്ഷി ചേരാനും എൽഡിഎഫ് സർക്കാർ തയ്യാറായി. മുസ്ലിം ലീഗും  ഈ നിയമത്തിനെതിരെ കേസിന് പോയിരുന്നു. നിയമസഭയിലെ സർക്കാർ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് അതിന്റെ ഉള്ളടക്കം മെച്ചപ്പെടുത്താൻ എഴ്‌ നിർദ്ദേശങ്ങൾ നൽകിയ മുസ്ലിം ലീഗ് എംഎൽഎ എൻ ഷംസുദ്ദീനാണ് ഇന്ന് വഖഫ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി . അന്ന് അദ്ദേഹത്തിന്റെ അഞ്ചു നിർദ്ദേശങ്ങളും അംഗീകരിക്കുകയാണ് സർക്കാർ ചെയ്തത്.
വഖഫ് ഭേദഗതി നിയമം “വഖഫ് എന്ന ആശയം തന്നെയില്ലാതെയാക്കും”
എന്നായിരുന്നു എൻ ഷംസുദ്ദീൻ അന്ന്‌ ചർച്ചയിൽ ഇടപെട്ടു സംസാരിച്ചത്. എന്നാൽ  യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച സമീപനം കാരണം സുപ്രീം കോടതിയിലെ കേസിൽ കേരളത്തിന്റെ ന്യായമായ വാദങ്ങൾ  ദുർബലപ്പെടുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്‌. അധികാരത്തിലെത്തിയപ്പോൾ, മുൻ നിലപാടു മറന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ പുതിയ ഭേദഗതി പ്രകാരം വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ തിരുകിക്കയറ്റാൻ കേരളത്തിലെ യുഡിഎഫ് സർക്കാരും തയ്യാറാവുകയാണ്.  നിയമസഭയിൽ കേന്ദ്ര നിയമത്തിനെതിരെ വീറോടെ സംസാരിച്ച എൻ ഷംസുദ്ദീൻ തന്നെയാണ് ഇന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തെ ന്യായീകരിച്ചു രംഗത്തുവന്നത്.
 അമുസ്ലിങ്ങളെ ബോർഡിൽ അംഗങ്ങളാക്കി ഉൾപ്പെടുത്തിയില്ല എന്നു ചൂണ്ടുക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം നൽകിയ ഹർജികളിലാണ് യുഡിഎഫ് സർക്കാർ ഈ ഒത്തുകളി നടത്തിയത്. 2026 ജൂലൈ 14 ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖാമൂലം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: “the government is prepared to re-constitute the Board strictly in compliance with the mandate of section 14 of the unified Waqf Management, Empowerment, Efficiency and Development Act”. അതായത് പുതിയ ഭേദഗതി നിയമത്തിലെ 14-ാം വകുപ്പ് അക്ഷരംപ്രതി അനുസരിച്ച് വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന്. മുസ്ലീം ലീഗിന്റെ നോമിനിയായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.എം. സനീർ മുഖാന്തിരമാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.  ലീഗിന്റെ നിന്ദ്യമായ ഇരട്ടത്താപ്പാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടു ന്നത്. അഡ്വക്കറ്റ് ജനറലും ഇതേ നിലപാട് കോടതിയിൽ ആവർത്തിച്ചു.
കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും  ഇക്കാര്യത്തില്‍ ഹര്‍ജിക്കാരോടും  സംസ്ഥാന സര്‍ക്കാരിനോടുമുള്ള യോജിപ്പ് കോടതിയെ അറിയിച്ചു.

പുതിയ ഭേദഗതി പ്രകാരം, പരമാവധി 11 അംഗങ്ങളെ നാമനിർദ്ദേശം ചെയ്താണ്  വഖഫ് ബോർഡ് രൂപീകരിക്കേണ്ടത്. 9 പേരെയാണ് 2026 ൽ എൽഡിഎഫ് സർക്കാർ നിയമിച്ചത്.   ബാക്കി 2 പേരെ പിന്നീട്‌ നിയമിക്കുമെന്നു പ്രസ്തുത ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.ഭേദഗതി നിയമത്തോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായില്ല.

 

 വഖഫ് ബോർഡ് യോഗം ചേരാൻ ആകെ 11 ൽ 5 പേരുടെ ക്വാറം  മതി. അതുകൊണ്ടുതന്നെ നിലവിൽ ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ യാതൊരു നിയമ തടസ്സവുമുണ്ടായിരുന്നില്ല. ​എന്നിട്ടും കേന്ദ്രനിയമത്തിന്റെ പേരുപറഞ്ഞ് ഹൈക്കോടതിയിൽയുഡിഎഫ് സർക്കാരും അഡ്വക്കറ്റ് ജനറലും കടുപിടുത്തം  പിടിക്കുന്നത്  എന്തിനാണ് ?
സംഘപരിവാറും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് വഖഫ് ബോർഡ് മരവിപ്പിക്കാനുള്ള ഇടക്കാല വിധി സമ്പാദിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞത്.
ബോർഡ് പുനഃസംഘടിപ്പിക്കുന്നതുവരെ, നയപരമായ തീരുമാനങ്ങളോ വലിയ സാമ്പത്തിക ചെലവുകൾ വരുന്ന നടപടികളോ എടുക്കാൻ പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശവും ഒരെതിർപ്പും പറയാതെ തന്നെ സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ അംഗീകരിക്കുകയുണ്ടായി.
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന  കേസുകളെല്ലാം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുയാണ്. ഇതിനിടയിലാണ് മുസ്ലിം ലീഗിന്റെ മന്ത്രി വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിൽ അതേ നിയമം യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ നടപ്പിലാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നിയമം നടപ്പാക്കാമെന്ന് ഹൈക്കോടതിയിലും നിയമം ശരിയല്ലെന്ന് സുപ്രിംകോടതിയിലും ഒരേ സർക്കാരിന് എങ്ങനെ പറയാനാവും? കേസിൽ കക്ഷി ചേരുന്നതിന്റെ ഭാഗമായി കേരളം സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജി ഫലത്തിൽ റദ്ദുചെയ്യുന്നതാണ്‌ ഇപ്പോൾ ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലവും അതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ബോർഡ്‌ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും.
വഖഫ് ഭേദഗതി നിയമത്തിലെ 14-ാം വകുപ്പ് എഫി ലെ ചില വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് കടകവിരുദ്ധവും മതവിശ്വാസത്തിന് എതിരുമാണെന്ന നിലപാടാണ് കേരളം സുപ്രീം കോടതിയിൽ ഉയർത്തിപ്പിടിച്ചത്. ജുഡീഷ്യൽ സ്‌ക്രൂട്ടിനിയിൽ ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് തെളിയുമെന്ന പ്രതീക്ഷയാണ് കേരളത്തിനുണ്ടായിരുന്നത്. മാത്രമല്ല, 14-ാം വകുപ്പിനനുസൃതമായി വഖഫ് ബോർഡ് രൂപീകരിച്ചാൽ അതിൽ മുസ്ലിം മതവിശ്വാസികൾ ന്യൂനപക്ഷമാവാനുള്ള സാധ്യത നിലനിൽക്കുന്ന കാര്യവും കേരളം ചൂണ്ടിക്കാട്ടി. മുസ്ലിം മതസ്ഥാപനങ്ങളുടെ മാനേജ്മെന്റും മേൽനോട്ടവും വഹിക്കുന്ന സമിതികളിൽ ആ വിഭാഗത്തിൽനിന്നുള്ളവർ മാത്രമേ ഉണ്ടാകാവൂ എന്ന വ്യക്തമായ നിലപാടാണ്‌ കേരളം സുപ്രിംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്‌. യുഡിഎഫ്‌ സർക്കാറിന്റെ ഇപ്പോഴത്തെ ചുവടുമാറ്റം സുപ്രിംകോടതിയിലെ നിയമപോരാട്ടം തന്നെ അസാധ്യമാക്കുകയാണ്‌. കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ വഖഫ് നിയമത്തിലെ ഭേദഗതികൾക്കെതിരെ ന്യായമായ എതിർവാദങ്ങളുയർത്താൻ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് യുഡിഎഫ് സർക്കാർ കാര്യങ്ങളെ കൊണ്ടെത്തിച്ചത്.
വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ നിയമപരമായ വശങ്ങൾ കൃത്യമായി പഠിക്കാനോ, ഹൈക്കോടതിയിൽ നിന്ന് ആവശ്യമായ സാവകാശം തേടാനോ തയ്യാറാകാതെ യുഡിഎഫ് സർക്കാർ അങ്ങേയറ്റത്തെ തിടുക്കത്തിൽ കീഴടങ്ങലിന് മുതിർന്നത് എന്തിനാണെന്ന ചോദ്യം ശക്തമായി ഉയരുകയാണ്. സുപ്രീം കോടതിയിൽ വഖഫ് ഭേദഗതി നിയമത്തെ സംബന്ധിച്ച ഹർജികളിൽ തീർപ്പ് വരുന്നതുവരെ സർക്കാരിന് സാവകാശം ആവശ്യപ്പെടാമായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ 14-ാം വകുപ്പിനനുസൃതമായി ബോർഡ് പുനഃസംഘടിപ്പിക്കാൻ വെമ്പൽകാട്ടി. ഇത് കേവലം ഒരു രഹസ്യധാരണയോ ഒത്തുതീർപ്പോ അല്ല, മറിച്ച് സംഘപരിവാറിന് മുന്നിലുള്ള സമ്പൂർണ്ണമായ കീഴടങ്ങലും പാദസേവയുമാണ്.
ഈ കീഴടങ്ങൽ മറച്ചുവെക്കാനുള്ള ശ്രമമാണ് പിന്നീട് മുസ്ലിം ലീഗിനു വേണ്ടി ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്നും കണ്ടത്.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള നാല് ഹർജികളിൽ ഒന്ന്, ഷിയാ വിഭാഗത്തിന് ബോർഡിൽ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന ഹർജിയാണെന്നു ചൂണ്ടിക്കാട്ടി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വഖഫ് ബോർഡിൽ ഷിയാക്കളെ ഉൾപ്പെടുത്താനാണ് തങ്ങൾ ആവശ്യപ്പെട്ടതെന്ന വാദം വസ്തുതാവിരുദ്ധവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. പഴയ വഖഫ് നിയമത്തിൽ തന്നെ ഷിയാ പ്രതിനിധികളെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഷിയാ വിഭാഗത്തിന് വഖഫ് സ്വത്തുക്കൾ ഇല്ലാത്തതിനാലാണ് ഇക്കാലമത്രയും വഖഫ് ബോർഡുകളിലേക്ക് ഷിയാ പ്രതിനിധികളെ ഉൾപ്പെടുത്താതിരുന്നത്. ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ ഗൗരവം വഴിതിരിച്ചുവിടാനുള്ള ശ്രമം മാത്രമാണ് ഇത്തരം പ്രസ്താവനകൾ.
ഹൈക്കോടതിയിൽ വന്ന യഥാർത്ഥ വിഷയം ഷിയാ പ്രാതിനിധ്യമല്ല. മറിച്ച് വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്യപ്പെട്ടത്. ഈ ഹർജിക്ക് മറുപടിയായി, ഹർജിക്കാരോട് യോജിപ്പ് രേഖപ്പെടുത്തിയും 14-ാം വകുപ്പ് പൂർണമായി ഉൾക്കൊണ്ടും ബോർഡ് പുനഃസംഘടിപ്പിക്കാമെന്നും  സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.  ഈ സമുദായവഞ്ചന,  വിതണ്ഡവാദങ്ങളിലൂടെ മറയ്ക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് മനസ്സിലാക്കണം.
പൗരത്വ നിയമം, എസ്ഐആര്‍, ജനസംഖ്യാവ്യതിയാനം (ഡെമോഗ്രാഫിക് ചെയ്ഞ്ച്) പഠിക്കൽ തുടങ്ങിയ   സംഘപരിവാര്‍ അജണ്ടകളുടെ തുടർച്ചയാണ് പുതിയ കേന്ദ്ര വഖഫ് ഭേദഗതി നിയമം. ഈ വിഷയങ്ങളിലെല്ലാം കേരളം ഉയർത്തിയ പോരാട്ടങ്ങൾ ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് യുഡിഎഫ് സർക്കാർ അടിവരയിട്ടു പ്രഖ്യാപിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിന്റെ കേരളത്തിലെ പ്രായോജകരായി മാറുകയാണ് യുഡിഎഫ് സർക്കാർ.
എൽഡിഎഫ് സർക്കാർ നടത്തിയ  ചെറുത്തുനിൽപ്പുകൾ  ഫലശൂന്യമാക്കി, ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുന്ന കേന്ദ്ര നിയമം അതേപടി നടപ്പിലാക്കാൻ തീരുമാനിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി ലജ്ജാകരമാണ്. ഭരണഘടനയുടെ 14, 25, 26 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങൾ മുൻനിർത്തി വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഒരു സർക്കാർ, കോടതിയിൽ നടത്തിയ ഈ ഒത്തുകളി കേരളത്തിലെ പ്രബുദ്ധ സമൂഹം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.കോൺഗ്രസ്സിന്റെയും ലീഗിന്റെയും ഈ കാപട്യത്തിനെതിരെയും ന്യൂനപക്ഷ വഞ്ചനയ്ക്കെതിരെയും അതിശക്തമായ പ്രതിഷേധം കേരളത്തിൽ ഉയർന്നുവരേണ്ടതുണ്ട്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.