ജോട്ടയുടെ ഓർമ്മകളിൽ പോർച്ചുഗൽ : ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ റൌണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ റാമോസും നേടിയ ഗോളുകളുടെ കരുത്തിൽ പോർച്ചുഗലിന്റെ ഈ വിജയത്തിളക്കത്തിലും കായികപ്രേമികളുടെ മനസ്സിൽ മുഴുവൻ മുൻ താരം ഡിയോഗോ ജോട്ടയുടെ ഓർമ്മകളായിരുന്നു.

കൃത്യം ഒരു വർഷം മുൻപ് 2025 ജൂലൈ 3-നായിരുന്നു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്പെയിനിൽ വച്ചുണ്ടായ ആ ദാരുണമായ കാറപകടത്തിലാണ് ജോട്ടയും അദ്ദേഹത്തിന്റെ സഹോദരനും മരണപ്പെടുന്നത്. കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു ജോട്ടയുടെ ഈ അപ്രതീക്ഷിത വേർപാട്. തങ്ങളെ വിട്ടുപോയ സഹതാരത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ തന്നെയാണ് പോർച്ചുഗൽ ഈ നിർണായക മത്സരത്തിനായി കളത്തിലിറങ്ങിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെയും പോർച്ചുഗൽ ദേശീയ ടീമിന്റെയും മുൻനിര സ്ട്രൈക്കറായിരുന്നു ഡീഗോ ജോട്ട. മൈതാനത്തെ വേഗതകൊണ്ടും ബോക്സിനുള്ളിലെ കൃത്യതയാർന്ന ഫിനിഷിംഗുകൾ കൊണ്ടും അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ പ്രിയങ്കരനായി മാറി. ലിവർപൂളിന്റെ ചുവന്ന ജേഴ്സിയിൽ ആൻഫീൽഡ് സ്റ്റേഡിയത്തിൽ അദ്ദേഹം അടിച്ചുകൂട്ടിയ മനോഹരമായ ഗോളുകൾ ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാനാവില്ല. ദേശീയ ജേഴ്സിയിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം പോർച്ചുഗലിന്റെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടിയത് ജോട്ടയായിരുന്നു.

തങ്ങളുടെ പ്രിയ താരത്തോടുള്ള ആദരസൂചകമായി പോർച്ചുഗൽ ഇത്തവണ ലോകകപ്പിന് എത്തിയത് ജോട്ടയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. എല്ലാ ടീമുകളും 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, പോർച്ചുഗൽ മാത്രം 27 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചത്. ജോട്ടയെ ടീമിന്റെ ‘ഓണററി മെമ്പറായി’ പ്രഖ്യാപിച്ചുകൊണ്ട് രാജ്യം നൽകിയ ആദരവ് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ നിറച്ച ഒരു നിമിഷമായിരുന്നു.

മത്സരശേഷം നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വികാരാധീനനായി ജോട്ടയുടെ 21-ാം നമ്പർ ജേഴ്സി ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് തന്റെ പ്രിയ സഹതാരത്തിന് പ്രണാമം അർപ്പിച്ചു. സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആരാധകരും ആ നിമിഷത്തിൽ കണ്ണീരണിഞ്ഞു. എന്നും തങ്ങളുടെ ഉള്ളിൽ ഒരു ഓർമ്മയായി ജോട്ട ഉണ്ടാകുമെന്നും, ഈ ലോകകപ്പ് ജോട്ടയ്ക്ക് വേണ്ടി നേടുമെന്നും പോർച്ചുഗൽ താരങ്ങൾ വ്യക്തമാക്കി. കളികളത്തിൽ ജോട്ട ഇനിയില്ലെങ്കിലും, ആ ഓർമ്മകൾ നൽകുന്ന വലിയ ഊർജ്ജവുമായാണ് പോർച്ചുഗൽ ഇനി പ്രീ-ക്വാർട്ടറിൽ ശക്തരായ സ്പെയിനെ നേരിടാൻ ഒരുങ്ങുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.