തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വരച്ച വരയില്‍ നിര്‍ത്തി ‘സൂപ്പര്‍ ഡിജിപി’യായി വാണ എഡിജിപി എം.ആര്. അജിത് കുമാറിന് ഒടുവില്‍ സര്‍ക്കാരിന്റെ കടുത്ത സസ്പെന്ഷന് പ്രഹരം എത്തുമ്പോള്‍ എസ് ശ്രീജിത്തിന് ഡിജിപി പദം കിട്ടും. നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ റിപ്പോര്‍ട്ട് തിരിമറി നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഈ കടുത്ത നടപടിയോടെ, ഈ മാസാവസാനം ഒഴിവു വരുന്ന ഡിജിപി പദവിയിലേക്ക് എത്താനുള്ള അജിത് കുമാറിന്റെ വഴികളെല്ലാം അടഞ്ഞു. പകരം നിലവിലെ ജയില്‍ വകുപ്പ് മേധാവിയും ജനപ്രിയ ഉദ്യോഗസ്ഥനുമായ എസ്. ശ്രീജിത്ത് (1996 ബാച്ച്) ഡിജിപി കുപ്പായമണിയാന്‍ സാധ്യതയേറി.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലായ നിതിന്‍ അഗര്‍വാള്‍ ഈ മാസം 31-ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോടെയാണ് പോലീസിലെ നാലാമത്തെ ഡിജിപി പദവിയിലേക്ക് വഴിയൊരുങ്ങുന്നത്. നിലവില്‍ സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍, റോഡ് സേഫ്റ്റി കമ്മീഷണര്‍ യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം എന്നിവരാണ് ഡിജിപി റാങ്കിലുള്ളത്. സീനിയോറിറ്റി പട്ടികയില്‍ മുന്നിലുള്ള സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എസ്.പി.ജിയില്‍ തുടരുന്നതിനാലും, തൊട്ടടുത്തുള്ള എം.ആര്. അജിത് കുമാറിന് ഗുരുതരമായ ആരോപണവും സസ്പെന്‍ഷനും നിലനില്‍ക്കുന്നതിനാലും പ്രൊമോഷന് നല്‍കില്ലെന്ന് ഭരണസിരാകേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കനടപടി നേരിടുന്നവര്‍ക്ക് പ്രൊമോഷന് നല്‍കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാട്.
ഇതോടെയാണ് പഴുതുകളില്ലാത്ത മികച്ച സര്‍വീസ് റെക്കോര്‍ഡും ജനപ്രിയ പ്രതിച്ഛായയുമുള്ള എസ്. ശ്രീജിത്തിന് ഡിജിപി കസേരയിലേക്ക് വഴിയൊരുങ്ങുന്നത്. 1996 കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം കാല് നൂറ്റാണ്ടിലധികം നീണ്ട സര്‍വീസില്‍ ക്രൈംബ്രാഞ്ച് മേധാവി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഐ.ജി. എറണാകുളം റേഞ്ച്, ശബരിമല കോ-ഓര്‍ഡിനേറ്റര്‍, എഡിജിപി സൈബര്‍ ഓപ്പറേഷന്‍സ് തുടങ്ങിയ അതിപ്രധാന പദവികളില്‍ മികവ് തെളിയിച്ച വ്യക്തിയാണ്. പ്രമാദമായ നിരവധി കേസുകള്‍ തെളിയിച്ച അന്വേഷണ മികവിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഉള്‍പ്പെടെ നേടിയ ശ്രീജിത്ത്, കലാ-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും പൊതുജനങ്ങളുമായുള്ള അടുത്ത ബന്ധവും കൊണ്ട് സേനയ്ക്കുള്ളില്‍ വലിയ ജനകീയതയുള്ള ഉദ്യോഗസ്ഥനാണ്.
‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട ശക്തം: സംസ്ഥാനത്ത് 116 പേർ കൂടി അറസ്റ്റിൽ; വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
മുന്‍ പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരുന്നുകൊണ്ട് ഭരണസിരാകേന്ദ്രങ്ങളെയും പോലീസ് ആസ്ഥാനത്തെയും സ്വന്തം ഇഷ്ടപ്പടി നിയന്ത്രിച്ചിരുന്ന അജിത് കുമാറിന് ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ കേസ് തന്നെയാണ് തിരിച്ചടിയായത്. മര്‍ദ്ദനത്തിന് ഇരയായ കേസില്‍ പോലീസുകാരുടെ കേസ് ഡയറി തിരുത്താനും മുഖ്യമന്ത്രിയുടെ ഗണ്മാന് ഉള്‍പ്പെടെയുള്ളവരെ രക്ഷിച്ചെടുക്കാനും എഡിജിപി തസ്തിക ദുരുപയോഗം ചെയ്തെന്നാണ് എസ്.ഐ.ടിയുടെ പഴുതടച്ച കണ്ടെത്തല്‍. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തഭൂമിയിലായിരുന്നു താനെന്ന അജിത് കുമാറിന്റെ പ്രതിരോധ വാദങ്ങള്‍ സര്‍ക്കാരും അന്വേഷണ സംഘവും തള്ളിക്കളഞ്ഞു.
ആലപ്പുഴ കേസിനു പുറമേ, ആര്.എസ്.എസ്. ദേശീയ നേതാക്കളായ ദത്താത്രേയ ഹൊസബൊളെയുമായും റാം മാധവുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരിക്കെ രഹസ്യ കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയിരുന്നു. തൃശൂര്‍ പൂരം കലക്കലിലെ ദുരൂഹതകളും, മുന്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഉയര്‍ത്തിയ സാമ്പത്തിക തിരിമറി, ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളും അജിത് കുമാറിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ആര്.എസ്.എസ്. കൂടിക്കാഴ്ചയില്‍ സി.പി.ഐ. ഉള്‍പ്പെടെയുള്ള ഭരണപക്ഷ കക്ഷികളും കോണ്‍ഗ്രസും ശക്തമായ നിലപാടാണ് അന്ന് സ്വീകരിച്ചിരുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആക്ഷന്‍ കോണ്‍ഗ്രസിനുള്ളിലും പൊതുസമൂഹത്തിലും വലിയ കൈയടിയാണ് ലഭിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസ് ഉന്നതര്‍ കാണിച്ച അട്ടിമറികള്‍ക്കും നിയമലംഘനങ്ങള്‍ക്കും വെച്ചുപൊറുപ്പില്ലെന്ന ഉറച്ച സന്ദേശമാണ് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. അതേസമയം, സസ്പെന്ഷന് നടപടിക്കെതിരെ കോടതിയെയോ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയോ സമീപിച്ച് സസ്പെന്ഷന് ചോദ്യം ചെയ്യാനും നിയമപോരാട്ടം നടത്താനുമാണ് അജിത് കുമാറിന്റെ നീക്കം


ഇന്ന് ലോക പാമ്പ് ദിനം! ഭയമല്ല, ബഹുമാനമാണ് വേണ്ടത്; പ്രകൃതിയുടെ കാവൽക്കാരെ അറിയാം!







