വൈഭവിന് ജീവിക്കണം, നമുക്കൊരുമിച്ച് കൈകോർക്കാം; മജ്ജ മാറ്റി വെയ്ക്കാൻ സഹായിക്കാം

തിരുവനന്തപുരം: ആശുപത്രിയിലെ ഐ.സി.യു കിടക്കയിലെ തണുപ്പിൽ, വേദനകൾക്കിടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ് ഏഴ് വയസ്സുകാരൻ വൈഭവ്. ഒന്നുച്ചത്തിൽ കരയാൻ പോലുമാകാതെ, ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസാന പോരാട്ടത്തിലാണ് ഈ രണ്ടാം ക്ലാസുകാരൻ. രക്താർബുദം  കവർന്നെടുത്ത അവന്റെ കുഞ്ഞു ശരീരത്തിന് ഇപ്പോൾ താങ്ങാവുന്നതിലും അപ്പുറമാണ് കീമോതെറാപ്പിയുടെയും മരുന്നുകളുടെയും കാഠിന്യം. അവനെ സാധാരണ ജീവിതത്തിലേക്ക് മഴുച്ചുകൊണ്ടുവരാൻ അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് സ്വപ്നം കാണാൻ പോലുമാകാത്ത തുകയാണ് ഇതിനായി ഡോക്ടർമാർ വിധിച്ചിരിക്കുന്നത്; 75 ലക്ഷം രൂപ.
ചിറയിൻകീഴ് കൂന്തള്ളൂർ പവിത്രത്തിൽ സജിത്തിന്റെയും രേഷ്മയുടെയും ഏക മകനാണ് വൈഭവ്. വാളക്കോട് ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥി. ഒരു മാസം മുൻപ് വരെ കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ചു നടന്ന അവന് പെട്ടെന്നാണ് ശരീരത്തിൽ അലർജി രൂപപ്പെടുന്നത്. തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് മാതാപിതാക്കളുടെ നെഞ്ചുതകർത്ത് ആ വാർത്തയെത്തിയത്—വൈഭവിന് രക്താർബുദമാണ്.
രോഗം മൂർച്ഛിച്ചതോടെ കണ്ണ്, നാവ്, മോണ എന്നിവിടങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടായി. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെയും ഹീമോഗ്ലോബിന്റെയും അളവ് ക്രമാതീതമായി കുറയുകയും വെളുത്ത രക്താണുക്കളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുകയും ചെയ്യുന്നതാണ് വൈഭവിന്റെ അവസ്ഥ. നിലവിൽ രണ്ട് ദിവസത്തിലൊരിക്കൽ അവന് ‘ഒ പോസിറ്റീവ്’ (O+ve) രക്തം നൽകേണ്ടതുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ (കിംസ്) ചികിത്സയിലുള്ള വൈഭവിന് നിലവിൽ കീമോതെറാപ്പി ആരംഭിച്ചിട്ടുണ്ട്. തുടർന്ന് അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. മാതാപിതാക്കളുടെ മജ്ജ കുട്ടിയുടേതുമായി പൊരുത്തപ്പെടാൻ സാധ്യത കുറവായതിനാൽ, അനുയോജ്യനായ മറ്റൊരു ദാതാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ.
ശസ്ത്രക്രിയക്കും മരുന്നുകൾക്കുമായി ആവശ്യമായി വരുന്ന 75 ലക്ഷം രൂപ ഈ സാധാരണ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. മകന്റെ ജീവൻ രക്ഷിക്കാൻ വഴിയില്ലാതെ കണ്ണീരൊഴുക്കുകയാണ് ഈ മാതാപിതാക്കൾ.
നമ്മൾ നൽകുന്ന ചെറിയൊരു തുക പോലും വൈഭവിന്റെ ജീവിതത്തിലേക്ക് വലിയൊരു വെളിച്ചമായി മാറിയേക്കാം. കൺമുന്നിൽ ഒരു കുഞ്ഞുജീവൻ പൊലിഞ്ഞുപോകാതിരിക്കാൻ നമുക്ക് കൈകോർക്കാം. ഉദാരമതികളുടെ കാരുണ്യം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.
സഹായം എത്തിക്കേണ്ട ബാങ്ക് വിവരങ്ങൾ:
വൈഭവിന്റെ അമ്മയുടെ പേരിൽ ചിറയിൻകീഴ് ഫെഡറൽ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് നിങ്ങൾക്ക് സഹായങ്ങൾ അയക്കാവുന്നതാണ്.
അക്കൗണ്ട് ഉടമയുടെ പേര്: രേഷ്മ സുരേഷ് (Reshma Suresh)
ബാങ്ക്: ഫെഡറൽ ബാങ്ക്, ചിറയിൻകീഴ് ശാഖ (Federal Bank, Chirayinkeezhu)
അക്കൗണ്ട് നമ്പർ: 10660100219293
IFSC കോഡ്: FDRL0001066
ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8891540384
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.