ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1 വിക്ഷേപിച്ചു. നിശ്ചയിച്ചിരുന്ന സമയത്തിന് അൽപം മുൻപ് വിക്ഷേപണം ‘പ്ലാൻഡ് ഹോൾഡിൽ’ ആയിരുന്നെങ്കിലും, പുതുക്കിയ സമയമായ ഉച്ചയ്ക്ക് 12.05ന് ശ്രീഹരിക്കോട്ടയിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു.
സ്കൈറൂട്ട് എയ്റോസ്പേസിന്റെ ‘മിഷൻ ആഗമൻ’ എന്ന് പേരിട്ട ഈ ദൗത്യത്തോടെ, ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയുടെ ഭ്രമണപഥ വിക്ഷേപണം എന്ന ചരിത്ര നേട്ടം യാഥാർഥ്യമായി. വിക്ഷേപണത്തിന് ശേഷമുള്ള ഘട്ടങ്ങളുടെ വേർപെടലും ഉപഗ്രഹങ്ങളുടെ ഭ്രമണപഥ പ്രവേശനവും സംബന്ധിച്ച പൂർണ വിവരങ്ങൾ സ്ഥിരീകരിക്കാൻ കാത്തിരിക്കുകയാണ് അധികൃതരും ബഹിരാകാശ നിരീക്ഷകരും.
മിഷൻ ആഗമനിലെ 10 ചരിത്ര “ആദ്യങ്ങൾ”
1. ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റ്
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ രൂപകൽപന ചെയ്ത ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റാണ് വിക്രം-1. സർക്കാർ നേതൃത്വത്തിലുള്ള ബഹിരാകാശ ദൗത്യങ്ങളിൽനിന്ന് വ്യവസായ നേതൃത്വത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന്റെ സുപ്രധാന നാഴികക്കല്ലാണിത്.
2. ഭ്രമണപഥത്തിലെത്താൻ ശ്രമിക്കുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പ്
സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ഭ്രമണപഥ പരീക്ഷണ വിക്ഷേപണമാണ് മിഷൻ ആഗമൻ. സ്വന്തം റോക്കറ്റുമായി ഭ്രമണപഥത്തിലെത്താൻ ശ്രമിക്കുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനി എന്ന നിലയിലും ഇത് ചരിത്രം കുറിക്കുന്നു.
3. പൂർണമായും കാർബൺ കോംപസിറ്റിൽ നിർമിച്ച ആദ്യ ഭ്രമണപഥ റോക്കറ്റ്
പരമ്പരാഗത റോക്കറ്റ്-ഗ്രേഡ് സ്റ്റീലിനെക്കാൾ ഭാരം കുറഞ്ഞതും ബലമേറിയതുമായ കാർബൺ കോംപസിറ്റ് ഘടനയിൽ നിർമിച്ച ഇന്ത്യയുടെ ആദ്യ ഭ്രമണപഥ വിക്ഷേപണ വാഹനമാണിത്.
4. 100% ത്രീഡി പ്രിന്റഡ് എൻജിനുള്ള ആദ്യ ഭ്രമണപഥ വാഹനം
വിക്രം-1ന്റെ ഓർബിറ്റൽ അഡ്ജസ്റ്റ്മെന്റ് മൊഡ്യൂളിൽ പൂർണമായും 3ഡി പ്രിന്റ് ചെയ്ത ദ്രവ ഇന്ധന എൻജിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ ഭ്രമണപഥ വിക്ഷേപണ വാഹനത്തിൽ ഇത്തരമൊരു എൻജിൻ ഇതാദ്യമാണ്.
5. രാജ്യത്തെ ഏറ്റവും നീളമേറിയ മോണോലിതിക് കാർബൺ കോംപസിറ്റ് ഘട്ടം
വിക്രം-1ന്റെ ഒന്നാം ഘട്ടം, തദ്ദേശീയ കോംപസിറ്റ് നിർമാണ മികവിന്റെ പ്രതീകമായി രാജ്യത്തെ ഏറ്റവും നീളമേറിയ മോണോലിതിക് കാർബൺ കോംപസിറ്റ് റോക്കറ്റ് ഘട്ടമാണ്.
6. അൾട്രാ-ലോ-ഷോക്ക് ന്യൂമാറ്റിക് സെപ്പറേഷൻ സംവിധാനം
റോക്കറ്റ് ഘട്ടങ്ങളും പേലോഡ് ഫെയറിങ്ങുകളും വേർപെടുത്താൻ നൂതന ന്യൂമാറ്റിക് സാങ്കേതികവിദ്യയാണ് വിക്രം-1 ഉപയോഗിക്കുന്നത്. ഇന്ത്യൻ വിക്ഷേപണ വാഹന മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സാങ്കേതികവിദ്യയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
7. ബഹിരാകാശ മാലിന്യ നിർമാർജന സാങ്കേതികവിദ്യാ പ്രദർശനം
ഭാവിയിൽ ബഹിരാകാശ മാലിന്യം നീക്കം ചെയ്യാൻ രൂപകൽപന ചെയ്ത റോബോട്ടിക് ആം സാങ്കേതികവിദ്യയായ എംബ്രേസ് ദൗത്യവും പേലോഡുകളിൽ ഉൾപ്പെടുന്നു.
8. ശാസ്ത്ര പ്രതിഭകൾക്കുള്ള കലാ ആദരാഞ്ജലി
ഡോ. വിക്രം സാരാഭായ്, സർ സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ മൈക്രോ ശിൽപങ്ങൾ അടങ്ങിയ ചെറിയ സ്വർണ റോക്കറ്റും ദൗത്യത്തിലുണ്ട്.
9. ബഹിരാകാശത്തേക്ക് ലാബിൽ വളർത്തിയ വജ്രം
‘കോസ്മിക് ബ്ലൂം’ എന്ന് പേരിട്ട ലാബ്-ഗ്രോൺ ഡയമണ്ട് ഒരു കലാപരമായ പേലോഡായി ഭ്രമണപഥത്തിലേക്ക് അയച്ചു.
10. ബഹിരാകാശത്തേക്ക് പ്രധാനമന്ത്രിയുടെ സന്ദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈപ്പടയിലെ “വന്ദേ മാതരം” എന്ന ആശംസാ സന്ദേശവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പിന്തുണക്കാരുടെ സന്ദേശങ്ങളും അടങ്ങിയ കാർഡും ദൗത്യത്തിനൊപ്പം അയച്ചു.


അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, തമാശപറഞ്ഞ് ചിരിച്ച് മുഴുവൻസമയവും ഹാപ്പിയായി പ്രതി ; കാണാന്‍ ആളും കൂടി
സൂര്യ രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ഫാൻസ് അസോസിയേഷൻ.







