എം. റിജു
‘ഞാന്‍ തിന്നത് ചക്കക്കുരു, ഞാനിട്ടത് ചക്ക ……..’
ഇട്ടാല്‍പൊട്ടും പിടിച്ചാല്‍ കിട്ടില്ല,….., ………, …….’
മാത്യുസ് എം. ജോർജിന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു
ഏതാണ്ട് നാലുവര്‍ഷംമുമ്പ് ഈ രീതിയിലുള്ള ഒരു തെറിപ്പാട്ടുപാടി, മലപ്പുറം വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്, തൊപ്പി എന്ന പേരിലുള്ള ഒരു സ്ട്രീമറെക്കുറിച്ച് ഈ ലേഖകനൊക്കെ ആദ്യമായി കേള്‍ക്കുന്നത്. അന്ന് തൊപ്പിയെ കാണാനും അശഌല പാട്ടുകേള്‍ക്കാനും ആയിരക്കണക്കിന് കുട്ടികളാണ് തടിച്ചുകൂടിയത്. കുട്ടിപ്പട്ടാളത്തിന്റെ ബഹളം കാരണം, വളാഞ്ചേരി ബ്ലോക്കായി. ഗതാഗത തടസത്തിന്റെ പേരില്‍ പൊലീസ് തൊപ്പിയെന്ന കണ്ണുര്‍ സ്വദേശി മുഹമ്മദ് നിഹാദിന്റെ പേരില്‍ കേസ് എടുക്കയും, പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. അന്നാണ് കേരളത്തില്‍ ഒരു സിനിമാ താരത്തിനുപോലും ഇല്ലാത്ത രീതിയില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയില്‍, സ്വാധീനം ചെലുത്താന്‍ കഴിയുന്ന, ഒരു വ്യക്്തിയെക്കുറിച്ച് കേരളം ഞെട്ടലോടെ അറിയുന്നത്.
ഈ സംഭവത്തിനും, ഏതാനും രണ്ടുമാസം മുമ്പ് , സാക്ഷാല്‍ ലയണല്‍ മെസ്സി ഇന്‍സ്റ്റയില്‍ ഒരു ഫോട്ടോയിട്ടപ്പോള്‍ അതിന്റെ അടിയില്‍ നിറഞ്ഞ ഒരു പേരാണ് ‘തൊപ്പി, തൊപ്പി’യെന്ന്. ഒന്നും രണ്ടുംപേരല്ല ആയിരിക്കണക്കിന് ആളുകളാണ് ഈ പേര് കമന്റ് ചെയ്യുന്നത്. ഇതോടെ സാക്ഷല്‍ മെസ്സിയും കമന്റിലുടെ പ്രതികരിച്ചു. കേരളത്തിലെ സൈബര്‍ ഗെയിം ഗ്രുപ്പുകളിലെ മെസ്സി റൊണാള്‍ഡോ യുദ്ധമായിരുന്നു അത്തരം ഒരു കമന്റുകളിലേക്ക് നയിച്ചത്. കേരളത്തില്‍ മെസ്സിക്കുവേണ്ടി പടപൊരുതിയിരുന്നു ആ യുവാവാണ്, ഇന്ന് കേരളത്തിലെ വിവദ നായകനായ യുട്യൂബറും ഇന്‍സ്റ്റഗാം ഇന്ഫഌവന്സും, ഗെയിമറുമായി കണ്ണൂര്‍ മങ്ങാട്ടെ നിഹാദ്. ജെന്‍ സി, ജെന്‍ ആള്‍ഫ എന്നീപേരില്‍ അറിയപ്പെടുന്ന ന്യൂജന്‍ കുട്ടികളുടെ ആരാധനാപാത്രമാണ്, ‘തൊപ്പി’. യുട്യൂബിലൂടെയും സ്ട്രീമിങ്ങിലുടെയുമായി ലക്ഷങ്ങള്‍ തൊപ്പി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതിഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് പൊലീസ് പിടിക്കുമെന്ന് ഭയന്ന് ഇയാള്‍ മുങ്ങിയിരിക്കയാണ്. ലഹരിയും ലൈംഗിക ചൂഷണവും അടക്കം അതിഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കുനേരെ ഉയരുന്നത്.

ലഹരിയും ലൈംഗിക ചൂഷണവും
അടുത്തിടെ തൊപ്പിയുടെ മുന്‍ സുഹൃത്തുക്കളും പരാതിക്കാരും ചേര്‍ന്ന് അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. യുട്യൂബ് വരുമാനം പങ്കുവെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ, തന്റെ മുന്‍ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ നിഹാദ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് ലൈവ് വഴി പ്രചരിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന സൈബര്‍ കുറ്റം. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ റൂറല്‍ സൈബര്‍ പോലീസ് ഐടി നിയമപ്രകാരം കേസെടുക്കുകയും, പോലീസിന്റെ പ്രത്യേക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുട്യൂബ് ഇയാളുടെ ഔദ്യോഗിക ചാനല്‍ സ്ഥിരമായി നീക്കം ചെയ്യുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിഹാദ് ലൈംഗികമായി ചൂഷണം ചെയ്തതായും, പിന്നീട് വന്‍ തുക നല്കി ഇത് ഒതുക്കിത്തീര്‍ത്തതായും ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ലൈവ് സ്ട്രീമുകളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
നിഹാദ് സ്ഥിരമായി എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഇതിന് തെളിവായി ഇയാളുടെ മുറിയില്‍ നിന്ന് കഞ്ചാവ് പാക്കറ്റ് കണ്ടെത്തുന്ന വീഡിയോയും അവര്‍ പുറത്തുവിട്ടിരുന്നു.കൂടെയുള്ള സുഹൃത്തുക്കളെ അടിമകളെപ്പോലെ കാണുകയും, അവരുടെ അടിവസ്ത്രങ്ങള്‍ വരെ നിര്‍ബന്ധിച്ച് കഴുകിക്കുകയും ചെയ്യുന്ന രീതിയിലുള്ള കടുത്ത മാനസികശാരീരിക പീഡനങ്ങള്‍ നിഹാദ് ഏല്‍പ്പിച്ചിരുന്നതായി മുന്‍ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഇതെല്ലാം ലൈവായി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്ത്തകനായഅഡ്വ. ശ്രീജിത്ത് പെരുമനയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പോക്സോ, നാര്‍കോട്ടിക്സ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് നിലവില്‍ ഇയാള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തിവരികയാണ്. നിലവില്‍ ഒളിവിലുള്ള നിഹാദ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള നടപടികളിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ വെറും റീച്ചിന് വേണ്ടി കെട്ടിച്ചമച്ചതാണെന്നും പ്രചരിക്കുന്ന ഓഡിയോകള്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നുമാണ് നിഹാദിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
അതിനിടെ തൊപ്പി കേസില്‍ ആദ്യഅറസ്റ്റുമുണ്ടായി. തൊപ്പി ഗാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞിരിക്കയാണ്. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമില്‍ ഗായകന് ഹനാന്‍ഷായെ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ ഇവര്‍ അപമാനിച്ചുവെന്നാണ് കേസ്. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൊപ്പിയുടെ മുന്‍ സുഹൃത്തുക്കളും ‘എംആര്‍എസ് ഗ്യാങ്’ അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ ഒരു ലൈവ് വീഡിയോയിലാണ് ഹനാന് ഷായുടെ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചത്. സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍, യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കയാണ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. തൊപ്പിയുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കിയപ്പോള് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതോടെയാണ് തൊപ്പി എന്ന നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. ഉടന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. നേരത്തെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഹാദിന്റെ യുട്യൂബ് ചാനല്‍ നീക്കംചെയ്തിരുന്നു. ഇയാള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് എറണാകുളം റൂറല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതൊക്കെയാണ് നമ്മുടെ കുട്ടികളുടെ ആരാധാനമൂര്‍ത്തിയുടെ വിശേഷങ്ങള്‍. തീര്‍ത്തും അസാധാരണമാണ് തൊപ്പിയുടെ ജീവിതം
ചൈല്‍ഡ് ഹുഡ് ട്രോമയുടെ ഇര?
ശരിക്കും ടോക്സിക്ക് പാരന്റിങ്ങിന്റെയും ചൈല്‍ഡ്ഹുഡ് ട്രോമയുടെ ഇരയാണ് തൊപ്പിയെന്ന് അയാളുടെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവും. നാലു വര്‍ഷംമുമ്പ് ഒരു യുട്യൂബ് അഭിമുഖത്തില്‍, തന്റെ ജീവിതം തൊപ്പി പറയുന്നത് ഇങ്ങനെയാണ്. ”എന്റെ വീട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആയിരുന്നു, പാട്ട് കേള്‍ക്കാന്‍ പാടില്ല, സിനിമ കാണാന്‍ പാടില്ല , ഗെയിം കളിക്കാന്‍ പാടില്ല. ഭയങ്കര ഇസ്ലാമിക ചുറ്റുപാട് ആയിരുന്നു. ഗെയിമിനുള്ള പണം ചോദിച്ചാലൊന്നും വീട്ടില്‍നിന്ന് തരില്ല. അവര്‍ക്ക് അതൊക്കെ ഹറാമാണ്. അങ്ങനെയാണ് 9ാംക്ലാസില്‍ പഠിക്കുമ്പോള്‍, ഞാനൊരിക്കല്‍ ഒരു കടയില്‍ കയറി പണം മോഷ്ടിക്കുന്നത്. എന്നിട്ട് ആ കാശ് വിതറിയെറിഞ്ഞു നടന്നു. എന്നെ നാട്ടുകാര്‍ പിടികൂടി. ഒരേ വീട്ടിലാണ് താമസമെങ്കിലും എന്റെ ഉപ്പ അതിന് ശേഷം എന്നോട് മിണ്ടിയിട്ടില്ല. ഉമ്മയ്ക്ക് എന്നോട് സ്നേഹമുണ്ട്, അനിയന് പോലും എനിക്ക് സപ്പോര്‍ട്ട് തരുന്നില്ല, കുടുംബക്കാര്‍ക്ക് ഭയങ്കര ചൊറിച്ചില്‍ ആണ്. ഞാന്‍ പുറത്തേക്ക് അധികം പോകാറില്ല. വീട്ടില്‍ തന്നെയിരിക്കും. താമസം മാറണമെന്നുണ്ട്, പക്ഷേ എനിക്ക് പോകാനൊരിടമില്ല”. തൊപ്പി പറയുന്നു. ടോക്സിക് പാരന്റിങിനാല് മാനസികമായി മാറ്റിത്തീര്‍ക്കപ്പെട്ട നിഹാദ് എന്ന അയാള്‍ ആ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ ആവാം ഒരുപക്ഷേ തൊപ്പിയെന്ന സ്വത്വം സൃഷ്ടിച്ചെടുത്തതും അങ്ങിനെ ചെയ്യുന്ന വീഡിയോകള്‍ വഴി അഞ്ചുലക്ഷത്തിലധികം ആരാധകരെ ഉണ്ടാക്കിയതും.

കടുത്ത ഇസ്ലാമിക പശ്ചാത്തലത്തിലുള്ള തന്റെ കുടുംബത്തില്‍ ഇത്തരം ഗെയിമുകള്‍ ഹറാം ആണെന്ന് തൊപ്പി പറയുന്നു. അതുകൊണ്ടുതന്നെ വീട്ടുകാര്‍ ആരും തന്നെ തന്നോട് മിണ്ടാറില്ല. ഉമ്മക്ക് തന്നോട് അതിയായ സ്നേഹമുണ്ടെന്ന് തൊപ്പിക്ക് അറിയാം. ഇപ്പോള്‍ യുട്യൂബില്‍നിന്ന് വരുമാനുമുള്ളതുകൊണ്ട്, തനിക്ക് സ്വന്തമായി പിടിച്ച് നില്ക്കാന് കഴിയുന്നുണ്ട്. പക്ഷേ ആ വരുമാനത്തില്‍നിന്ന് എന്തെങ്കിലും ഒന്ന് എടുത്ത് വാങ്ങിയാല്‍ ഉമ്മപോലും സ്വീകരിക്കില്ല. കാരണം, അത്തരം പണം അവര്‍ക്ക് ഹറാമാണ്.
ഇത് മൂന്നുവര്‍ഷം മുമ്പത്തെ കഥയാണ്. അക്കാലത്ത്കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി താന്‍ അടിച്ചിട്ട ഒറ്റമുറിയിലാണെന്ന് തൊപ്പി പറയുന്നു. അതിനിടയില്‍ ഉറ്റകൂട്ടുകാരന്റെ ആത്മഹത്യയും അയാളെ തളര്‍ത്തി. കൊച്ചിപോലും താന്‍ കണ്ടിട്ടില്ലെന്ന് തൊപ്പി പറയുന്നത് ഞെട്ടലോടെയേ കേള്‍ക്കാന്‍ കഴിയൂ. 8ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരനൊപ്പം, ബാംഗ്ലൂരില്‍ പോയതാണ് അയാള്‍ നടത്തിയ ഏക യാത്ര.
ഖബറില്‍ ഒളിച്ചിരുന്ന് പേടിപ്പിക്കും
മൂന്നുവര്‍ഷംമുമ്പ്, മെല്‍ സ്റ്റോണ്‍ മേക്കേഴസ് എന്ന യുട്യൂബ് ചാനലില്‍ അവതാരിക പാര്‍വതിക്ക് നല്കിയ അഭിമുഖത്തില്‍ ലജ്ജാലുവായ ഒരു പാവം പയ്യനെയാണ് കാണാന്‍ കഴിയുക. ‘ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ല, എനിക്ക് സോഷ്യല്‍ ആങ്സൈറ്റിയാണ്..,’ ‘എനിക്ക് എന്റെ റൂമിലിരുന്ന് എന്തുവേണമെങ്കിലും ചെയ്യാമല്ലോ. അതിലിപ്പോ എത്ര വ്യൂവേഴ്സ് ഉണ്ടെങ്കിലും കുഴപ്പമില്ല’ തൊപ്പി പറയുന്നു.

കുട്ടിക്കാലത്തെ വിചിത്രമായ ചില സ്വഭാവ വിശേഷങ്ങളെക്കുറിച്ചും തൊപ്പി അഭിമുഖത്തില്‍ പറയുന്നുണ്ട്. അയാളുടെ വീടിന്റെ അടുത്ത് ഒരു ഖബര്സ്ഥാന് ഉണ്ടായിരുന്നു. അവിടെ കുത്തിവെച്ച ഖബര്‍ കുഴികളില്‍ ഇറങ്ങിക്കിടന്ന് പള്ളിയിലേക്ക് പോകുന്ന ആളുകളെ പേടിപ്പിക്കയായിരുന്നത്രേ നമ്മുടെ തൊപ്പിയുടെ ഒരു ശീലം. അതും നാട്ടുകാര്‍ പിടിച്ചതും, വീട്ടിലടക്കം സീന്‍ ആയതും അയാള്‍ പറയുന്നുണ്ട്. പക്ഷേ ഈ അഭിമുഖത്തില്‍ ഏറ്റവും ഞെട്ടിച്ചത്, ഇന്നുതന്നെ തനിക്ക് കൊച്ചിയില്‍നിന്ന് കണ്ണൂര്‍ക്ക് പോകണമെന്നും, വൈകിയാല്‍ ഉമ്മയുടെ കൈയില്‍നിന്ന് ചിലപ്പോള്‍ അടികിട്ടുമെന്നും പറയുന്ന ഭാഗമാണ്. തന്റെ വീട്ടകാരുമായി തൊപ്പിക്ക് നല്ല ബന്ധമല്ല. അവരുമായി വഴക്ക്കൂടി ഒരു വിധത്തിലാണ് താന്‍ ലൈവില്‍ എത്തുകയെന്നും, അവിടെ എത്തിയാല്‍ പിന്നെ തന്റെ മൈന്‍ഡ് ബ്ലാങ്ക് ആണെന്നും, അപ്പപ്പോള്‍ തോന്നുതാണ് പറയുന്നതെനനുമാണ് തൊപ്പി പറഞ്ഞിരുന്നത്.
താന്‍ ഗെയിമിന് അഡിക്ട് ആയിരുന്നെന്നും അതൊരു പ്രശ്നമാണെന്നും തിരിച്ചറിയുന്നുണ്ട് തൊപ്പി. വീടിനകത്ത് അടച്ചിരിപ്പായിരുന്ന അയാള്‍ ഇപ്പോള്‍ സമൂഹത്തിലേക്ക് ഇറങ്ങിവരുന്നു. അഭിമുഖങ്ങള്‍ കൊടുക്കുന്നു. തനിക്ക് പറയാനുള്ളതെല്ലാം ഒരു കാപട്യവുമില്ലാതെ തുറന്നുപറയുന്നു. വളരെ പൊസിറ്റീവായി സമൂഹത്തെ സമീപിക്കുന്ന ഒരു യുവാവിനെയാണ് ഈ അഭിമുഖത്തില്‍ കാണാന്‍ കഴിഞ്ഞത്.
നെഗറ്റിവിറ്റിയിലൂടെ താരം
ഈയിടെ ഒരു അധ്യാപകന് വായനാദിനത്തിലെ ഒരു അനുഭവം പങ്കുവെച്ചു. പി എന്‍ പണിക്കരെക്കുറിച്ച് എത്രപേര്‍ക്ക് അറിയാമെന്ന ചോദ്യത്തിന് കൈ പൊക്കിയത് വെറും രണ്ടേ രണ്ടുപേര്‍. എന്നാല്‍ തൊപ്പിയെ എത്രപേര്‍ക്ക് അറിയാം എന്ന ചോദ്യത്തിന് കൈപൊക്കിയത് ക്ലാസിലെ ഏതാണ്ട് മുഴുവന്‍ പേരോളം. സൂപ്പര്‍ ഹിറ്റായ ‘തല്ലുമാല’ സിനിമയിലെ മണവാളന് വസീമിന്റെ ജീവിതത്തോട് വലിയ സാദൃശ്യമുണ്ട് നമ്മുടെ തൊപ്പിയുടെ ജീവിതവും. സ്വന്തം വിവാഹത്തിന് കൂട്ടത്തല്ലുണ്ടാക്കിയതിലുടെയാണ് മണവാളന് വസീം പേരെടുക്കുന്നത്. തൊപ്പിക്കും അതുപോലെ തന്നെ നെഗറ്റീവ് പബ്ലിസിറ്റിയാണ്, ഏറെയും. ക്രിസ്റ്റിയനാനോ റൊണാള്‍ഡോയുടെ ആരാധകരെ തെറിപറഞ്ഞതിലൂടെ, മോഹന്‍ലാലിനെ ലൈംഗികമായി അധിക്ഷേപിച്ചതിലുടെ, തെറിപ്പാട്ടുകളിലൂടെയൊക്കെയാണ് അയാളും പേരെടുത്തത്. ലൈവില്‍ ആരാധകര്‍ എന്ത് പറഞ്ഞാലും അത് ചെയ്യുമെന്നതും തൊപ്പിയുടെ പ്രത്യേകതയാണ്. അങ്ങനെയാണ് യു ട്യൂബ് കൊടുത്ത സില്‍വര്‍ ബട്ടണ്‍ അയാള്‍ എറിഞ്ഞുപൊട്ടിക്കുന്നത്. എരിവുള്ള ചിപ്സ് അടിവസ്ത്രത്തിനുള്ളില്‍ തിരുകുക, തന്നെ തെറിപറഞ്ഞ ഒരു വ്ളോഗറോട് തിരിച്ച് തെറിപറയുക… അങ്ങനെ പോകുന്ന അയാളുടെ ലീലാവിലാസങ്ങള്‍.

തല്ലുമാല സിനിമയിലെ, മണവാളന് വസീമിനെപ്പോലെ കുടുംബവുമായി തൊപ്പിക്ക് നല്ല ബന്ധമില്ല. വസീമിനുണ്ടായ അതേ അനുഭവങ്ങള്‍ തൊപ്പിക്കും ഉണ്ടായിട്ടുണ്ട്. ഒരു കോളജിലെ പരിപാടിക്കുശേഷം അതേ ആരാധകക്കൂട്ടം തന്നെ, വസീമിനെ ആക്രമിക്കാനെത്തുന്നുണ്ട്. അതുപോലെ വളാഞ്ചേരിയിലെ പരിപാടി കഴിഞ്ഞ്, തൊപ്പി പ്രതികരിച്ചിരുന്നു. ജനം തന്റെ പാന്റില്‍ കൈയിട്ട് ജനനേന്ദ്രിയം വരെ പിടിച്ച് തിരിച്ചുവെന്നും, തിക്കിലും തിരക്കിലും മുറിവേറ്റുവെന്നും. വീസിമിനെപ്പോലെ ‘ആരാധകരേ ശാന്തരാവൂ’ എന്നാണ് തൊപ്പിക്കും പറയാനുള്ളത്.
പക്ഷേ അതിനുശേഷം തൊപ്പി ഏറെമാറി. എറണാകുളത്തേക്ക് താമസം മാറി. സ്വന്തമായി വീട് എടുത്തു. ലൈവ് സ്ട്രീമിങ്ങിലുടെയും യുട്യൂബിലുടെയും ലക്ഷങ്ങള്‍ സമ്പാദിച്ചു. തന്നെപ്പോലെ വീടുവിട്ട് ഇറങ്ങിയവരെ തൊപ്പി ഒപ്പം കൂട്ടി. മമ്മുവും ഷമീറുമൊക്കെയായി അത് വലിയ ഒരു കൂട്ടായ്മയായി മാറി. തെറിവിളിയൊക്കെ നിര്‍ത്തി നിഹാദ് ഡീസന്റായി മാറി. തൊപ്പി വല്ലാതെ മാറിപ്പോയി എന്നും നന്മയിലേക്ക് വന്നുവെന്നുമൊക്കെ പലരും എഴുതി. പക്ഷേ അതിനിടിയിലാണ് സംഘത്തില്‍ വിള്ളല്‍ വീണത്. മയക്കുമരുന്ന് ഉപയോഗം തൊട്ടുള്ള കാര്യങ്ങള്‍ മമ്മൂവും ഷമീറും അടക്കമുള്ളവര്‍ തൊപ്പിയുമായി തെറ്റിയതിനുശേഷം പറഞ്ഞ കാര്യങ്ങളാണ്. അതിന്റെ പേരിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
എന്തുകൊണ്ട് കുട്ടികള്‍ ആരാധിക്കുന്നു?
ജനറേഷന് ഗ്യാപ്പ് വളരെയധികമുള്ള സമൂഹമാണ് നാം. ജനിച്ചപ്പോള്‍ മുതല്‍ സെല്‍ഫോണ്‍ കണ്ട് വളര്‍ന്ന, പുതിയ തലമുറയുടെ ഭാഷപോലും നമ്മള് ചിന്തിക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. 2010നും 2024നും ഇടയില്‍ ജനിക്കുന്നവരെയാണ് ജനറേഷന് ആല്‍ഫ എന്ന് വിളിക്കുക. ഈ കുട്ടികള്‍ എല്ലാം കൊണ്ടും വ്യത്യസ്താരാണ്. ഇവരുടെ താരമാണ് തൊപ്പി.
ഇത്രയും വലിയ ഒരു തെറ്റായ മാതൃകയായിരുന്നിട്ടും തൊപ്പി എന്തുകൊണ്ട് ആരാധിക്കപ്പെടുന്നു. കുട്ടികളനുഭവിക്കുന്ന പലമാതിരി അരക്ഷിതാവസ്ഥകളുടെ ബഹിര്‍സ്ഫുരണമാണ് തൊപ്പിയിലൂടെ പുറത്തുവരുന്നതെന്നാണ്. തങ്ങളനുഭവിക്കുന്ന അരക്ഷിതാവസ്ഥയോട്, തങ്ങളെ അകാരണമായി വഴക്കുപറയുകയോ, അകാരണമായി നിയന്ത്രിക്കുകയോ ചെയ്യുന്ന മുതിര്‍ന്നവരോട്, കുട്ടികള്‍ക്കുള്ളിലുണ്ടാകുന്ന വലിയ രോഷമുണ്ട്. അതാണ് തൊപ്പിയിലൂടെ പുറത്തുവരുന്നത്.തൊപ്പിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള നിരവധി ഉസ്താദുമാരുടെ വീഡിയോകള്‍ ഉണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ടോക്സിക് പാരന്റിങ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാവുന്നില്ല.
80കളിലും തൊണ്ണൂറുകിലുമൊക്കെയുള്ള കേരളത്തിലെ കൗമരക്കാര്‍ ആരാധിച്ചിരുന്നത് സിനിമാ നടന്‍മ്മാരെയും, എഴുത്തുകാരെയും, സാംസ്്ക്കാരിക പ്രവര്‍ത്തകരെയുമൊക്കെ ആയിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. പരസ്യമായി ‘പൊകയടിക്കാം’, എന്ന് പറഞ്ഞതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മട്ടാഞ്ചേരി മാര്ട്ടിന്പോലും ഒരു സോഷ്യല്‍ ഇന്‍ഫഌവെന്‍സര്‍ ആണ്്. പൊലീസ് പിടികൂടിയിട്ടും, അയാള്‍ പറയുന്നത് കഞ്ചാവ് ഒരു ചെടിയാണെന്നും തീര്‍ത്തും നാച്ച്വറല്‍ ആണെന്നുമൊക്കെയാണ്.
മാത്രമല്ല കഴിഞ്ഞ കുറേക്കാലമായി അസംബന്ധങ്ങളെ ആഘോഷിക്കുക എന്നതും മലയാളിയുടെ ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു. പത്തുപൈസയുടെ നിലവാരമുള്ള സിനിമ എടുക്കാത്ത സന്തോഷ് പണ്ഡിറ്റ് ഇവിടെ ആഘോഷിക്കപ്പെടുന്നു. അതുപോലയുണ്ട് സന്തോഷ് വര്‍ക്കിയെന്ന, ആറാട്ടണ്ണന്. സിനിമകളുടെ ലൈവ് റിവ്യൂ ഇട്ടാണ് ആറാട്ടണ്ണന് താരമായത്. ഈ ജാതി മനുഷ്യരൊക്കെ ആഘോഷിക്കപ്പെടുന്ന ഒരു ലോകത്ത് തൊപ്പിയെ മാത്രം വിമര്‍ശിക്കുന്നത് എന്തിനാണെന്നും ചോദ്യം ഉയരുന്നുണ്ട്.
ഇനിയുള്ള കാലത്ത് കേരളം അഭിമുഖീകരിക്കാന്‍ പോവുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും പുതു തലമുറയെ എങ്ങനെ മനേജ് ചെയ്യുക എന്നത്. നമ്മള് ഫോളോചെയ്യുന്ന, അന്താരാഷ്ട്ര ദേശീയ, പ്രശ്നങ്ങളും കേരള രാഷ്ട്രീയവും, പരിസ്ഥിതി വിഷയവും ഒന്നുമല്ല ഇവരുടെ പ്രശ്നം. അവര്‍ക്ക് ചില്ലായി ജീവിച്ചുപോയാല്‍ മതി. കൂള്‍ ആണ്, ഫ്രീക്കാണ്, വൈബാണ്, മജയാണ് തുടങ്ങിയ അവരുടെ വാക്കുകള്‍പോലും പഴയ തലമുറക്ക് പിടികിട്ടില്ല. മുനുഷ്യ മൃഗ സംഘര്ഷത്തേക്കാളുമൊക്കെ കേരളത്തെ ഇനി സംഘര്‍ഷഭരിതമാക്കുക, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ഘര്‍ഷണമാണ്. ഇപ്പോഴുണ്ടായ തൊപ്പിത്തരംഗമൊക്കെ അതിന്റെ സൂചനകളാണ്.

വാല്‍ക്കഷ്ണം: 2021 ആഗസ്റ്റില്‍, കോവിഡ് കാലത്തത്ത്, കേരളത്തെ ഞെട്ടിച്ച ഒരു ‘കുട്ടിക്കലാപം’ ആരും മറന്നിട്ടുണ്ടാവില്ല. ‘ഇ ബുള്‍ജെറ്റ്’ എന്ന ഓള്‍ട്ടേഡ് കാരവാന് ഓടിക്കുന്ന സഹോദരന്മാര്ക്കെതിരെ പൊലീസ് നടപടിയെടുത്തപ്പോള്‍, കേരളത്തിലെ കുട്ടികളും കൗമാരക്കാരും ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും വാട്സാപ്പിലുമൊക്കെയായി ഉറഞ്ഞു തുള്ളിയതും, മന്ത്രിമാരെയും എംഎല്‍എമാരെയുമൊക്കെ വിളിച്ച് ബഹളമുണ്ടാക്കിയതും നാം കണ്ടതാണ്.പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ പോലും, കേരളം കത്തിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു! 30 വയസ്സിന് മുകളിലുള്ള പലരും ഇ ബുള്‍ ജെറ്റ് എന്താണെന്ന് കേട്ടിട്ടുപോലും ഇല്ലായിരുന്നു.

മെസ്സിയെ പൂട്ടി സ്പാനിഷ് പട; അർജന്റീനയെ വീഴ്ത്തി സ്പെയിന് രണ്ടാം ലോകകിരീടം







