ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനം: ഡി.ജി.പി.ക്കും എ.ഡി.ജി.പി.ക്കും എതിരെ വിജിലൻസ് അന്വേഷണത്തിന് രണ്ടാഴ്ചയ്ക്കകം ഉത്തരവിടണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം, സർക്കാരിനെ വെട്ടിലാക്കി വിജിലൻസ് റിപ്പോർട്ട്

കൊച്ചി: കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട ബോഡി ബിൽഡർമാരെ പോലീസ് ഇൻസ്‌പെക്ടർമാരായി നിയമിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. വിജിലൻസ് അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് രണ്ടാഴ്ചത്തെ സാവകാശമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ കെ. എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബദറുദ്ദീൻ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയിൽ സർക്കാരിനെ വെട്ടിലാക്കി വിജിലൻസ് റിപ്പോർട്ട്

ഹർജിക്കാരന്റെ വാദത്തിൽ കഴമ്പില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആഭ്യന്തര സെക്രട്ടറിക്കു വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നിയമനവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്ന ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

എന്നാൽ, ഹർജിക്കാരന്റെ അഭിഭാഷകൻ വിജിലൻസ് എസ്.പി ജുവനപുഡി മഹേഷ് ഹൈക്കോടതി മുൻപാകെ നൽകിയ രഹസ്യ റിപ്പോർട്ട് ആയുധമാക്കിയതോടെ സർക്കാർ പ്രതിരോധത്തിലായി. ശാരീരികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടിട്ടും രണ്ട് ബോഡി ബിൽഡർമാരെ പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാൻ അനുവദിക്കണമെന്ന് പോലീസ് ആസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി വിജിലൻസ് എസ്.പി.യുടെ റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു.

അഡ്വ. കെ. എം. ഷാജഹാന്റെ പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ, മാനദണ്ഡങ്ങൾ ലംഘിച്ച് സ്പോർട്സ് ക്വാട്ടയിൽ ഇൻസ്പെക്ടർമാരെ നിയമിക്കാൻ പ്രത്യേക ശാരീരിക പരിശോധന നടക്കുന്നുണ്ടെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് രഹസ്യ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. വിജിലൻസ് ഡയറക്ടറുടെ 26.02.2026 ലെ ഉത്തരവ് പ്രകാരം തിരുവനന്തപുരം സതേൺ റേഞ്ചിലെ വിജിലൻസ് ഇൻസ്പെക്ടർ ശ്രീ. നിസാം ആയിരുന്നു ഈ പ്രാഥമിക അന്വേഷണം നടത്തിയത്.

ബോഡി ബിൽഡർമാരായ ശ്രീ. നടേശൻ, ശ്രീ. ഷിനു ചൊവ്വ എന്നിവരെ ആംഡ് പോലീസ് ബറ്റാലിയനിൽ ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിലും, ഇതിനായി നടത്തിയ ശാരീരിക കാര്യക്ഷമതാ-വൈദ്യ പരിശോധനകളിലും എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാണെന്ന് വിജിലൻസ് എസ്.പി കോടതിയെ അറിയിച്ചു.

അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇതിനായി ഹർജിക്കാരൻ 21.04.2026-ൽ സമർപ്പിച്ച പരാതിയും തെളിവുകളും ആവശ്യമായ നടപടികൾക്കായി 23.04.2026-ന് വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്ന് എസ്.പി.യുടെ റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര സെക്രട്ടറിയുടെ പക്കൽ നിന്നും ഈ അനുമതി ലഭിച്ചാലുടൻ വിശദമായ അന്വേഷണം ആരംഭിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.

വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ മുഖവിലയ്‌ക്കെടുത്ത ഹൈക്കോടതി, സർക്കാരിന്റെ ഒളിച്ചുകളിയെ ചോദ്യം ചെയ്യുകയും രണ്ടാഴ്ചയ്ക്കകം വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ ഭരണപരമായ അനുമതി നൽകാൻ ഉത്തരവിടുകയുമായിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.