എം റിജു
90കളില്‍ എഴുതിവെച്ച് പിന്നീട് പൊടി തട്ടിയെടുത്തെന്നപോലെത്തെ സ്ക്രിപ്റ്റ്. ഒട്ടും ഇമോഷണല്‍ കണക്ഷനില്ലാത്ത കഥാപാത്രങ്ങള്‍, അറുബോറന്‍ ബാക്ക്ഗ്രൗണ്ട് സ്കോര്‍, ക്രിഞ്ചടിപ്പിക്കുന്ന പാട്ടുകള്‍…. മദയാനപോലെ അങ്ങോട്ടുമിങ്ങോട്ടും തല്ലുകൂടി നടക്കുന്ന നായകന്. 90കളിലെ ഹിറ്റ്മേക്കര്, ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് മുഖ്യവേഷത്തിലെത്തിയ ‘വരവ്’ ശരിക്കും ജെന്‍ സിക്കാര്‍ പറയുന്നതുപോലെ ഒരു കാട്ടാവരാതമാണ്.
ഒരുകാലത്ത് മലയാള സിനിമയെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ‘ബ്ര്ഹമാണ്ഡങ്ങളുടെ ക്ലോസ്അപ്പ്’ എന്ന പേരില്‍ അദ്ദേഹത്തെ സൂക്ഷ്മദൃശ്യങ്ങളെക്കുറിച്ചും, ഷോട്ട് ഡിവിഷനെക്കുറിച്ചും, സൂമിങ്ങിനെക്കുറിച്ചുമൊക്കെ പഠനംവന്ന ഒരുകാലമുണ്ടായിരുന്നു. ഏകലവ്യന്, വല്ല്യേട്ടന്, നരസിഹം, ആറാംതമ്പുരാള് തുടങ്ങിയ ഷാജി കൈലാസിന്റെ സിനിമകളുടെ മേക്കിങ്ങ് ഇന്നും, കൊമോര്‍ഷ്യല്‍ ചലച്ചിത്ര സിനിമകളെ സ്നേഹിക്കുന്നവരുടെ മനസ്സില്‍നിന്ന് മായില്ല. പക്ഷേ സിബിമലയിലും, ഹരിഹരനും, സത്യന് അന്തിക്കാടും, ജോഷിയും, അടക്കമുള്ള 90കളിലെ ഹിറ്റ്മേക്കര്‍മാര്‍ക്ക് ഒക്കെ സംഭവിച്ചപോലെ, കാലംമാറുന്നതിന് അനുസരിച്ച് മാറ്റിപ്പിടിക്കാന്‍ ഷാജി കൈലാസിനും ആവുന്നില്ല. ഒരു തവണ ഫീല്‍ഡ് ഔട്ടായ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥിരാജ് ചിത്രം ‘കടുവ’യിലൂടെ തിരിച്ചുവന്നതാണ്. ഇപ്പോള്‍ ഷാജി വീണ്ടും ഫീല്‍ഡ് ഔട്ട് ആവുകയാണ്. വരവ് ശരിക്കും ചെലവാണ് അതിന്റെ പ്രൊഡ്യൂസര്‍ക്ക്!
‘ആശംസയൊക്കെ കൊള്ളാം, എന്നാലും ട്രെയ്ലർ എവിടെ ?’; ‘ഐ ആം ഗെയിം’ സഹനിർമാതാവിനോട് ദുൽഖർ

ഒരു ഔട്ട്ഡേറ്റഡ് പ്രതികാര കഥ
പഴയ ഹിറ്റ്മേക്കര് എ കെ സാജനാണ്, ചിത്രത്തിന്റെ തിരക്കഥ. മോശം, മോശം എന്ന് പറഞ്ഞാല്‍ വളരെ മോശം. സാജന്റെ ‘സ്റ്റോപ്പ് വയലന്‍സ്’ എന്ന ചിത്രമൊക്കെ എത്ര ഗംഭീരമായിരുന്നു. ഇത് എത്രയോ തവണ കേട്ടുമടുന്ന ഒരു ശരാശരി പ്രതികാരകഥയാണ്. 1990-കളിലെ മാസ്സ് മസാല ചിത്രങ്ങളുടെ അതേ ടെംപ്ലേറ്റിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. വലിയ പുതുമകളോ സര്‍പ്രൈസുകളോ ഇല്ലാത്തതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. അടുത്തതായി എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാന്‍ സാധിക്കും. വൈകാരികമായ അടിത്തറയില്ലാത്തതിനാല്‍ പല ആക്ഷന്‍ രംഗങ്ങളും വെറും അടിയായി മാത്രം ഒതുങ്ങിപ്പോകുന്നു.
ഒരു ഔട്ട്ഡേറ്റഡ് പ്രതികാര കഥയെന്ന് ഇതിനെ വിശേഷിപ്പിക്കാം. സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഊഹിക്കാവുന്ന കഥ മാത്രമാണ് ചിത്രത്തിലുള്ളത്. പഴയകാല ഷാജി കൈലാസ് സിനിമകളുടെയും തല്ലുപ്പടങ്ങളുടെയും ആരാധകര്‍ക്ക് ചിത്രം ഒരു വട്ടം കണ്ടിരിക്കാം. എന്നാല്‍ പുതുമയുള്ള സിനിമകള്‍ ആഗ്രഹിക്കുന്ന ഭൂരിഭാഗം സിനിമാപ്രേമികളെയും ചിത്രം നിരാശപ്പെടുത്തുകയാണ്. പോളച്ചന് എന്ന കഥാപാത്രത്തെ ജോജു തന്റെ സ്വാഭാവികമായ ശൈലിയില്‍ മാസാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അങ്ങോട്ട് വൃത്തിയും മെനയും വരുന്നില്ല. പോളച്ചന് ആളുകളെ എടുത്തിട്ട് അങ്ങോട്ടുമിങ്ങോട്ടും ഇടിക്കുന്നുണ്ടെങ്കിലും, പ്രേക്ഷകര്‍ക്ക് യാതൊരു വികാരവും വരുന്നില്ല.

ആശ്വാസം മുരളിഗോപി
മുരളീഗോപിയാണ് ഈ പടത്തിലെ ഏക ആശ്വാസം. ഒരു ഫ്യൂഡല്‍ പശ്ചാത്തലമുള്ള, ക്രൂരനായ പ്ലാന്റര്‍ വില്ലന്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ ഒരു പ്രമാണിയുടെ ഗാംഭീര്യവും ഭയപ്പെടുത്തുന്ന ഭാവങ്ങളും മികച്ച രീതിയില്‍ സ്ക്രീനില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.അര്ജുന് അശോകന് വില്ലി ചിത്രത്തില്‍ ജോജുവിന്റെ കഥാപാത്രത്തിന്റെ അനുജനാണ്.കഥ മുന്നോട്ട് പോകുന്നത് ഇയാളെ ചുറ്റിപ്പറ്റിയാണെങ്കിലും, അര്ജുന് അശോകന് സിനിമയില്‍ ലഭിച്ചിരിക്കുന്ന സ്ക്രീന്‍ ടൈം വളരെ കുറവാണ്. അര്‍ജുന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും ട്വിസ്റ്റും പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാന്‍ സാധിക്കുന്ന ഒന്നായതിനാല്‍, ആ രംഗങ്ങള്‍ക്ക് വിചാരിച്ച ഇംപാക്റ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല.90-കളിലെ ആക്ഷന്‍ സിനിമകളുടെ പാറ്റേണ്‍ പിന്തുടരുന്നതിനാല് സ്ത്രീ കഥാപാത്രങ്ങള്‍ പലപ്പോഴും കേവലം വൈകാരികമായ രംഗങ്ങള്‍ക്കോ അല്ലെങ്കില്‍ കഥാനായകന്റെ പ്രതികാരത്തിന് വഴിമരുന്നിടുന്നതിനോ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.ചിത്രത്തില്‍ ‘ലീഷ’ എന്ന ശ്രദ്ധേയമായ വേഷത്തിലാണ് സാനിയ ഇയ്യപ്പന്‍ എത്തുന്നത്. തന്റെ ലുക്കിലും പെരുമാറ്റത്തിലും കഥാപാത്രത്തിന് ആവശ്യമായ തീവ്രത കൊണ്ടുവരാന്‍ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്.പക്ഷേ കഥാഗതിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള സീനുകള്‍ കുറവായതിനാല്‍, ഒരു ആക്ഷന്‍ ചിത്രത്തിലെ പതിവ് നായിക സങ്കല്‍പ്പത്തിനപ്പുറത്തേക്ക് ഈ കഥാപാത്രത്തിന് വളരാന്‍ കഴിഞ്ഞിട്ടില്ല. നായകന് പോളച്ചന്റെ മൂത്ത സഹോദരിയായ ‘സിസ്റ്റര്‍ ഡെയ്സി’ എന്ന കന്യാസ്ത്രീയുടെ വേഷത്തിലാണ് സുകന്യ ചിത്രത്തില്‍ തിരിച്ചെത്തുന്നത്. അതും പോര.

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ചിത്രത്തിലൂടെയുള്ള വാണി വിശ്വനാഥിന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. ്രപഴയകാല മാസ്സ് ലുക്കില്‍ സ്ക്രീനിലെത്തുന്നുണ്ടെങ്കിലും, അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വിധം ദുര്‍ബലമായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്. ശരവണന്റെതാണ് ഛായാഗ്രഹണം. ക്യാമറകൊണ്ട് എന്തൊക്കെയോ ഗിമ്മിക്കള് കാണിച്ചുവെച്ചിരിക്കുന്നു. സാം സി.എസിന്റെ പശ്ചാത്തല സംഗീതവും കണക്കാണ്. എന്തിനോ വേണ്ടി ചില പാട്ടുകളുമുണ്ട്്.
വാല്‍കഷണം : ഷാജി കൈലാസും, എ കെ സാജനുമൊക്കെ ഈ പണി നിര്‍ത്തുകയാണ് നല്ലത്. കാരണം അവര്‍ക്ക് 90കളില്‍നിന്ന് അപ്ഡേഷന് കിട്ടുന്നില്ല. സിനിമ മാറിയതും, സാങ്കേതിവിദ്യമാറിയതും, സമൂഹം മാറിയതും അവര്‍ക്ക് മനസ്സിലാവുന്നില്ല.


‘അമ്മ’യിലെ പ്രതിസന്ധി: രാജിവെച്ചവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് രമേഷ് പിഷാരടി







