ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇന്ത്യക്ക് ‘ഡൂ ഓർ ഡൈ’; സിംബാബ്‌വെ പരമ്പരയിലെ അവഗണനയ്ക്കിടെ സഞ്ജു സാംസൺ ഇന്ന് അന്തിമ ഇലവനിൽ തിരിച്ചെത്തുമോ?

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരത്തിന് നോട്ടിങ്ഹാമിൽ ഇന്ന് ഇന്ത്യ ഇറങ്ങും. 5 മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോൾ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ 4 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം.

ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടംപിടിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അയർലൻഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിലും 5, 0, 1 എന്നിങ്ങനെ റൺസ് മാത്രമെടുത്ത് സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് രണ്ടാം ട്വന്റി-20 മത്സരത്തിൽ സഞ്ജുവിനെ ബെഞ്ചിലിരുത്തി യുവതാരം വൈഭവ് സൂര്യവംശിക്ക് ടീം അവസരം നൽകിയെങ്കിലും ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ പ്രതീക്ഷക്കൊത്ത് തിളങ്ങാൻ വൈഭവിനും (14 റൺസ്) കഴിഞ്ഞിരുന്നില്ല. പരമ്പര നഷ്ടപ്പെടാതിരിക്കാൻ കടുത്ത സമ്മർദ്ദത്തിലുള്ള ഇന്ത്യ ഇന്ന് സഞ്ജുവിനെ വീണ്ടും ടീമിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം, വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് ആരാധകരെ ഏറെ നിരാശരാക്കിയിട്ടുണ്ട്. മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റിയതും പകരക്കാരനായി വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തിയതുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

സഞ്ജുവിനൊപ്പം പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ് എന്നിവരെയും ഈ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പരിക്കിൽ നിന്ന് മുക്തരായ മായങ്ക് യാദവും റിങ്കു സിംഗും ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ഹർഷ് ദുബെ, യഷ് ഠാക്കൂർ, പ്രഭ്സിമ്രാൻ സിംഗ്, അശോക് ശർമ്മ എന്നിവരും പുതിയ ടീമിൽ ഇടം നേടിയിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.