തിരുവനന്തപുരം : രാജ്യത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വലിയ വില കൊടുത്താലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് കാരണം. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി മാറിയിട്ടുണ്ട്.
ലഭ്യമായ വൈദ്യുതിയും ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനാൽ, ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്. വൈദ്യുതി ലഭിച്ചില്ലെങ്കിൽ ലോഡ് കൂടിയ സബ് സ്റ്റേഷനുകളോട് നിശ്ചിത സമയത്തേക്ക് ഫീഡർ ഓഫ് ചെയ്യാൻ നിർദേശിക്കും. ഇതിനാൽ വൈദ്യുതി മുടങ്ങുന്ന കൃത്യമായ സമയം മുൻകൂട്ടി ഉപയോക്താക്കളെ അറിയിക്കാൻ കഴിയാത്ത പരിമിതിയുമുണ്ട്.
ലോകകപ്പ് ഫൈനലിന് ഇരുട്ടില്ല
ലോകകപ്പ് ഫൈനൽ നടക്കുന്ന 19, 20 തീയതികളിൽ വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാൻ കൂടിയ വിലയ്ക്കാണെങ്കിലും 24 മണിക്കൂറും ലഭ്യമാകുന്ന വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതായി കെഎസ്ഇബി സിഎംഡി രാജമാണിക്യം അറിയിച്ചു. രാത്രിയിലേക്കു മാത്രമായി ഒരു കമ്പനിയും വൈദ്യുതി നൽകാത്ത സാഹചര്യത്തിലാണ് 24 മണിക്കൂറിലേക്കുതന്നെ വാങ്ങാൻ നിർദേശം നൽകിയത്.
എങ്ങനെ വൈദ്യുതി ലാഭിക്കാം
എല്ലാ വീട്ടിലും ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം എസി ഓൺ ചെയ്യാൻ തീരുമാനിച്ചാൽത്തന്നെ രാത്രി 10 മണിക്കു മുൻപുള്ള പവർകട്ട് ഒഴിവാക്കാനാകുമെന്ന് കെഎസ്ഇബി പറയുന്നു. എസി 25 ഡിഗ്രിക്കു മുകളിൽ ക്രമീകരിക്കണം. ആവശ്യമില്ലാതെ ഫാനും ലൈറ്റും ഓൺ ചെയ്യരുത്. നിലവിലെ ഉപയോഗത്തിൽ 800 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്ക്കാനായാൽ പവർകട്ട് പൂർണമായി ഒഴിവാക്കാമെന്നാണ്
കെഎസ്ഇബിയുടെ പ്രതീക്ഷ.
ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടർന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകൾക്കായി കെഎസ്ഇബി ശ്രമം തുടരുകയാണ്.
ചീമേനി ആണവനിലയം വീണ്ടും ചർച്ചയിൽ
ഇതിനിടെ, കാസർകോട് ചീമേനിയിൽ ആണവനിലയം അപകടരഹിതമായി നടത്താൻ സാധിക്കുമെന്നും ഇക്കാര്യം എല്ലാ കക്ഷി നേതാക്കളുമായും പൊതുജനങ്ങളുമായും സംസാരിക്കാൻ തയാറാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. സാങ്കേതിക പഠനവും എല്ലാവരും യോജിച്ചുള്ള പ്രവർത്തനവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി







