അടൂർ : ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ജാമ്യം ലഭിച്ചശേഷം അതേ കുറ്റം ആവർത്തിച്ചതിന് വീണ്ടും അറസ്റ്റിലായ നിലമ്പൂർ സ്വദേശി രാജൻ ജോസഫിനെ കോടതി റിമാൻഡ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ യൂട്യൂബ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്തുനിന്നാണ് അടൂർ പൊലീസ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം ലഭിക്കുകയും ചെയ്തു.
എന്നാൽ ജാമ്യത്തിലിറങ്ങിയ അന്നു രാത്രിതന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രീനാദേവിക്കെതിരെ അധിക്ഷേപം തുടർന്നതായി വീണ്ടും പരാതി ഉയർന്നു. ഇതേത്തുടർന്ന് എസ്ഐ ജി.എസ്. ദീപുവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി എറണാകുളത്തുനിന്ന് രാജനെ രണ്ടാമതും അറസ്റ്റ് ചെയ്തു.
ഇത്തവണ ഐടി ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പു കൂടി ചേർത്താണ് പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കിയത്. ജാമ്യത്തിലിറങ്ങി സമാന കുറ്റം ആവർത്തിച്ചതിനാൽ ഇത്തവണ ജാമ്യം നിഷേധിക്കുകയും കോടതി റിമാൻഡ് ചെയ്യുകയുമായിരുന്നു.
കസ്റ്റഡിയിൽ മർദനമേറ്റെന്ന് ആരോപണം
പൊലീസ് കസ്റ്റഡിയിലിരിക്കെ രാജൻ ജോസഫിന് മർദനമേറ്റതായും റിപ്പോർട്ടുകളുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇതിൽ ഉൾപ്പെട്ടതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പ്രതികരിച്ച ശ്രീനാദേവി കുഞ്ഞമ്മ, ഇത്തരം വിഡിയോകൾ ചെയ്യുന്നവർ അടൂരിൽ എത്തിയാൽ ചിലപ്പോൾ അടി കിട്ടിയെന്നിരിക്കുമെന്നും അത് സ്വാഭാവികമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
രാജനെ ജാമ്യത്തിലിറക്കാൻ സിപിഎം പ്രവർത്തകർ എത്തിയിരുന്നെന്നും അവർ ആരോപിച്ചു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് സിബി എന്നയാൾക്കെതിരെയും പരാതി നിലവിലുണ്ട്.
കേസിന്റെ തുടക്കം
2025 ഒക്ടോബറിലാണ് ശ്രീനാദേവിയെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ രാജൻ ജോസഫ് ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അന്ന് പരാതി നൽകിയെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. ജൂൺ 4ന് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടും അധിക്ഷേപങ്ങൾ തുടർന്നതോടെയാണ് ആദ്യ അറസ്റ്റിലേക്ക് നീങ്ങിയത്.


കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു
കേരള ചരിത്രത്തിലെ നാടകീയ സത്യപ്രതിജ്ഞ ; ആർ. സുഗതന്റെ ജയിലിൽ സത്യപ്രതിജ്ഞ ; ഇന്ന് ദൈവങ്ങളുടെ പേരില്ല, പക്ഷെ ദൈവം രക്ഷിച്ചു; ഇനിയുള്ള 6 മാസം ബിജെപിയിൽ എന്ത് നടക്കും?







