ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ ഇനി വൻ പിഴ ഉറപ്പ്; കൊല്ലത്ത് 7000 രൂപ ശിക്ഷ, പുകവലിക്കും ലേഡീസ് കോച്ചിനും കനത്ത പിഴ ; ജൻ വിശ്വാസ് നിയമം കർശനം!

Indian Railways ticket checking RPF fine ട്രെയിൻ ടിക്കറ്റ് പരിശോധന ചിത്രം

തിരുവനന്തപുരം : ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കനത്ത തിരിച്ചടി. ജൻ വിശ്വാസ് നിയമം നിലവിൽ വന്നതോടെ ടിക്കറ്റില്ലാ യാത്രയ്ക്കെതിരെ കർശന നിയമനടപടികളാണ് റെയിൽവേ സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി, കൊല്ലത്ത് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെട്ട വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയും കോടതി വിധിച്ചു.

പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയ വ്യക്തി, ജൻ വിശ്വാസ് ആക്ട് പ്രകാരമുള്ള 600 രൂപ പിഴ അടയ്ക്കാൻ വിസമ്മതിച്ചു. ഇതോടെ കേസ് നിയമനടപടികൾക്കായി കൊല്ലം ആർപിഎഫ് സ്റ്റേഷനിലേക്ക് കൈമാറി. 1989ലെ റെയിൽവേ ആക്ട് സെക്‌ഷൻ 137, 145(ബി), 146 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ആർപിഎഫ്, അന്വേഷണം പൂർത്തിയാക്കി കൊല്ലം സ്‌പെഷൽ ക്ലാസ് റെയിൽവേ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കേസ് പരിഗണിച്ച മജിസ്‌ട്രേട്ട് ജസ്റ്റിൻ മാർട്ടിൻ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവും വിധിക്കുകയായിരുന്നു.

പിഴ ഇരട്ടിയോളമായി വർധിച്ചു

2026ലെ ജൻ വിശ്വാസ് നിയമ ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തിയിരുന്നു. 1989ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 137, 138 പ്രകാരമാണ് ഈ വർധന. ചുരുങ്ങിയ ദൂരത്തിനുള്ള കോച്ച് അടിസ്ഥാനത്തിലുള്ള പുതുക്കിയ കുറഞ്ഞ പിഴ നിരക്കുകൾ താഴെ:

  • ജനറൽ കോച്ച് (50 കി.മീ വരെ): 320 രൂപയിൽ നിന്ന് 570 രൂപ
  • സിറ്റിങ് റിസർവ്ഡ് (50 കി.മീ): 335 രൂപയിൽ നിന്ന് 585 രൂപ
  • സ്ലീപ്പർ (200 കി.മീ): 530 രൂപയിൽ നിന്ന് 780 രൂപ
  • എസി ചെയർകാർ (150 കി.മീ): 765 രൂപയിൽ നിന്ന് 1,025 രൂപ
  • തേർഡ് എസി (300 കി.മീ): 1,480 രൂപയിൽ നിന്ന് 1,525 രൂപ
  • സെക്കൻഡ് എസി (300 കി.മീ): 2,070 രൂപ

സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർ അധിക പിഴയ്‌ക്കൊപ്പം യഥാർഥ യാത്രാനിരക്കും അടയ്ക്കേണ്ടിവരും. പിഴ അടയ്ക്കാത്തവർ കുറ്റക്കാരായി കണ്ടെത്തിയാൽ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടിവരാം.

മറ്റ് നിയമലംഘനങ്ങൾക്കും കനത്ത പിഴ

ടിക്കറ്റില്ലാ യാത്രയ്ക്ക് പുറമെ, ട്രെയിൻ യാത്രയിലെ മറ്റ് ലംഘനങ്ങൾക്കും റെയിൽവേ പിഴ കൂട്ടിയിട്ടുണ്ട്:

  • മദ്യപിച്ച് ട്രെയിനിൽ കയറി ബഹളമുണ്ടാക്കിയാൽ: 1,000 രൂപ പിഴയും ആറു മാസം വരെ തടവും
  • കോച്ചിനുള്ളിൽ പുകവലിച്ചാൽ: 2,000 രൂപ പിഴ (കോടതിയിലെത്തിയാൽ 5,000 രൂപ വരെ)
  • വനിതാ കോച്ചിൽ അതിക്രമിച്ചു കയറിയാൽ: 2,000 മുതൽ 5,000 രൂപ വരെ പിഴ
  • കോച്ചിന്റെ മുകളിലും ചവിട്ടുപടിയിലും ഇരുന്ന് യാത്ര ചെയ്താൽ: 2,000 രൂപ പിഴ

ചെറിയ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ നടപടികൾ ഒഴിവാക്കി പകരം സാമ്പത്തിക പിഴ ചുമത്തുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. യാത്രക്കാർ കൃത്യമായി ടിക്കറ്റെടുത്ത് മാത്രം യാത്ര ചെയ്യണമെന്നും, കോടതി വരെ കാര്യങ്ങൾ എത്തിയാൽ പിഴ ഇരട്ടിയാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.