തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വീണ്ടുമൊരു വന്‍ ഹണിട്രാപ്പ് തട്ടിപ്പ് കൂടെ പുറത്തുവന്നു. സ്വകാര്യ കമ്പനി ഡയറക്ടറായ യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയും ആഡംബര വസ്തുവകകളും തട്ടിയെടുത്ത സംഘത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ്, ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള് ജിബിന്‍, അഭിഷേക് എന്നിവരടങ്ങുന്ന നാലംഗ സംഘത്തിനെതിരെയാണ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവാവുമായി പരസ്പര സമ്മതത്തോടെയുണ്ടായ ശാരീരിക ബന്ധത്തിന് ശേഷം റോഷ്നി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഈ കുഞ്ഞ് യുവാവിന്റേതാണെന്ന് ഭാര്യയെയും മറ്റ് ബന്ധുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ തട്ടിപ്പിന് തുടക്കമിട്ടത്.
2023 ജൂണ്‍ മുതല്‍ രണ്ടായിരത്തി ഇരുപത്തിയാറ് ജൂലൈ വരെയുള്ള കാലയളവില്‍ നിരന്തരമായി നടത്തിയ ഭീഷണികളിലൂടെ അഞ്ചുകോടിയോളം രൂപയുടെ സാമ്പത്തിക നേട്ടമാണ് പ്രതികള്‍ ഉണ്ടാക്കിയത്. യുവാവിന്റെ ഉടമസ്ഥതയിലുള്ള ‘ഗ്ലാന്സെന്ഡ് ഇന്റര്‍നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ വാര്‍ഷിക ലാഭത്തിന്റെ പകുതിയും, പലതവണകളായി ഒരു കോടി എണ്‍പത് ലക്ഷം രൂപയും ഭയപ്പെടുത്തി ഇവര്‍ കൈക്കലാക്കുകയായിരുന്നു.
സർക്കാർ ജോലിക്കായി അമ്മയെ കൊന്നു: മകൾ പിടിയിൽ
പണത്തിന് പുറമേ കോടികള്‍ വിലമതിക്കുന്ന ആഡംബര സ്വത്തുക്കളും പ്രതികള്‍ യുവാവിനെക്കൊണ്ട് വാങ്ങിപ്പിച്ചു. തൃപ്പൂണിത്തുറ അന്‍സല്‍ സിറ്റിയിലെ ഫ്ലോറന്‍സ് ഹൈറ്റ്സ് ഫ്ലാറ്റ് സമുച്ചയത്തില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന ഫഌറ്റാണ് ഒന്നാം പ്രതിയായ റോഷ്നിയുടെ പേരില്‍ വാങ്ങിച്ചത്. കൂടാതെ തിരുവനന്തപുരം മലയിന്‍കീഴ് വില്ലേജില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവാക്കി ഇരുപത് സെന്റ് സ്ഥലവും ഇവര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. ഇതിനുപുറമേ തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ സ്വര്‍ണ്ണക്കടകളില്‍ നിന്നായി നാല്‍പ്പത്തിയഞ്ച് പവന ഓളം സ്വര്‍ണ്ണാഭരണങ്ങളും യുവാവിനെക്കൊണ്ട് വാങ്ങിപ്പിച്ച് പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്.
അഞ്ചുകോടിയോളം രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തിട്ടും പ്രതികളുടെ ആര്‍ത്തി അടങ്ങിയില്ല. കമ്പനിയുടെ ബാക്കിയുള്ള ലാഭവിഹിതം കൂടി റോഷ്നിയുടെ പേരിലേക്ക് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും ഭീഷണി തുടങ്ങി. യുവാവിന്റെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് ശബ്ദസന്ദേശങ്ങളായും കുറിപ്പുകളായും ക്രൂരമായ ഭീഷണികളാണ് സംഘം അയച്ചത്. ആവശ്യം നിരസിച്ചാല്‍ ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭാര്യയെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വില്‍ക്കുമെന്നുമായിരുന്നു പ്രതികളുടെ കൊടുംക്രൂരത നിറഞ്ഞ ഭീഷണി.
തുടര്‍ച്ചയായ ബ്ലാക്ക്മെയിലിംഗില്‍ സഹികെട്ട യുവാവ് ഒടുവില്‍ വഞ്ചിയൂര്‍ പോലീസിനെ നേരിട്ട് സമീപിക്കുകയായിരുന്നു. യുവാവ് നല്കിയ കൃത്യമായ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു ആറിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


കുറ്റിപ്പുറത്തെ ആ പഴയ മോഷണം വിനയായി; അത്തിപ്പറ്റയിലെ ‘ചെമ്പ് കള്ളന്മാർ’ ഒടുവിൽ വലയിൽ







