കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ വികാരനിർഭരമായ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. താൻ ഇപ്പോൾ ഇരിക്കുന്ന അതേ കസേരയിൽ ഇരുന്ന ഉമ്മൻ ചാണ്ടിയെപ്പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കുറിച്ചു.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ യാത്രയായിട്ട് മൂന്ന് വർഷം. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻ ചാണ്ടി, അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്നു വർഷം മുൻപ് പുതുപ്പള്ളി ഹൗസിൽ നിന്ന് ദർബാർ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മൻ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.
ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിന്റെ അല്ലെങ്കിൽ ഒരു നിവേദനത്തിന്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്താകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷേ സാധാരണക്കാരെ ചേർത്തു പിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്. ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുക എന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓർമകൾക്ക് മുന്നിൽ പ്രണാമം.


ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമ?; 120 കോടി രൂപ വിലമതിക്കുന്ന കരാറോ?; വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം വാങ്ങാൻ ധാരണയിൽ!







